കൊച്ചി: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ആലുവ കുന്നത്തേരി ഇലഞ്ഞി കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു വിദ്യാർഥികളാണ് മുങ്ങി മരിച്ചത്. കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ(12), കുന്നത്തേരി ആലുങ്കപറമ്പിൽ ഫിറോസിന്റെ മകൻ ഫർദിൻ(12) എന്നിവരാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം.
പതിനഞ്ചോളം കുട്ടികൾ ചേർന്നാണ് കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിനിടെ ഇവർ രണ്ടു പേരും അപകടത്തിൽ പെടുകയായിരുന്നു. കുളത്തിന് മധ്യഭാഗത്തെ ചുഴിയിൽ അകപ്പെടുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി.
അബ്ദുൾ റഹ്മാനെയും ഫർദിനെയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.