'കുഞ്ഞുങ്ങളെ വെടിവെക്കരുതേ, പകരം എന്നെ എന്തുവേണമെങ്കിലും ചെയ്തോളൂ'; മ്യാന്‍മര്‍ പട്ടാളത്തോട് മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ


നേപിഡോ: ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിക്കെതിരേ മ്യാന്‍മറില്‍ പ്രതിഷേധം തുടരുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരേ പട്ടാളം നടത്തിയ വെടിവയ്പ്പിനിടയിലാണ് ദയനീയമായ കാഴ്ച. പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിന് നേരേ വെടിവയ്ക്കരുതെന്ന് മ്യാന്‍മര്‍ പട്ടാളത്തോട് മുട്ടുകുത്തിനിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രീയുടെ ചിത്രമാണ് വ്യാപകമായി മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സിസ്റ്റര്‍ ആന്‍ റോസയാണ് ജനക്കൂട്ടത്തിലെ കുട്ടികളുട ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുന്നിലേക്ക് അപേക്ഷയുമായി ഇറങ്ങിച്ചെന്നത്.

പട്ടാളക്കാരുടേയും പ്രക്ഷോഭകരുടെയും ഇടയിലായി നടുറോഡില്‍ മുട്ടുകുത്തിനിന്നു പട്ടാളക്കാരോടായി അപേക്ഷിക്കുന്ന സിസ്റ്റര്‍ ആന്‍ റോസയുടെ ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. ഫെബ്രുവരി 28ന് വടക്കന്‍ മ്യാന്‍മറിലെ മൈറ്റ്കിന നഗരത്തിലാണ് ജനക്കൂട്ടത്തെ നേരിടാനൊരുങ്ങുന്ന പട്ടാളത്തിന് മുമ്പില്‍ കന്യാസ്ത്രീയായ ആന്‍ റോസ എത്തുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ദ്യശ്യങ്ങള്‍ ലോകമാകെ പ്രചരിക്കുകയും സജീവമായ ചര്‍ച്ചാവിഷയമാവുകയും ചെയ്തിരിക്കുകയാണ്. പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിഷേധക്കാര്‍ക്ക് നേരേ വെടിയുതിര്‍ക്കുന്നതായി കേട്ടപ്പോള്‍ താന്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുകയായിരുന്നുവെന്ന് കന്യാസ്ത്രീയെ ഉദ്ധരിച്ച് യുകെയുടെ സ്‌കൈ ന്യൂസ് റിപോര്‍ട്ട് ചെയ്തു. ഞാന്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുന്നിടത്തേക്ക് ഓടുകയായിരുന്നു. ഈ ക്ലിനിക്കിന് മുന്നിലാണ് അത് സംഭവിച്ചത്. അത് ഒരു യുദ്ധം പോലെയായിരുന്നു. . ആ സമയത്ത് എനിക്കൊന്നിനെയും ഭയമുണ്ടായിരുന്നില്ല. സൈന്യത്തിന് മുന്നില്‍ ജനങ്ങള്‍ യാതൊരു പ്രതിരോധവും തീര്‍ത്തിരുന്നില്ല. പക്ഷേ, നമ്മുടെ ആളുകള്‍ സ്വയം പ്രതിരോധിക്കണം. സൈന്യം ഇഷ്ടപ്പെടാത്തവരെ അറസ്റ്റു ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നു. അവര്‍ അവരെ കൊല്ലുന്നു. മ്യാന്‍മര്‍ ജനങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ല. ആളുകള്‍ സ്വയം പ്രതിരോധിക്കുകയും പരസ്പരം സഹായിക്കുകയും വേണമെന്ന് സിസ്റ്റര്‍ ആന്‍ റോസ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.