ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്ത്. പാകിസ്ഥാന് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇന്ത്യ-പാക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇമ്രാന് ഖാന്റെ കത്ത്.
'പാകിസ്ഥാന് ദിനത്തില്‍ ആശംസയറിയിച്ചതിന് ഞാന്‍ നന്ദി പറയുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കാനും കഴിവുകള്‍ തിരിച്ചറിയാനും കഴിയുന്ന ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ വിഭാവനം ചെയ്യുന്നതില്‍ ഞങ്ങളുടെ സ്ഥാപക പിതാക്കന്മാരുടെ വിവേകത്തിനും ദീര്‍ഘവീക്ഷണത്തിനും ആദരാഞ്ജലി അര്‍പ്പിച്ച് പാകിസ്ഥാന് ജനത ഈ ദിവസത്തെ സ്മരിക്കുന്നു'ഇമ്രാന് ഖാന് കത്തില്‍ പറയുന്നു. കോവിഡ് 19 പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു.
ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ അയല്‍ക്കാരുമായും സമധാനപരവും സഹകരണപരവുമായ ബന്ധമാണ് പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേകിച്ച് ജമ്മു കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കുമെന്നും ഞങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായി ക്രിയാത്മകവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് പാക്സ്ഥാന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്രാന് ഖാന് കത്തെഴുതിയിരുന്നു. അയല്‍രാജ്യവുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ടായിരിക്കണമെന്നത് പ്രധാനമാണെന്നും മോദി പറഞ്ഞു.
'പാകിസ്ഥാന് ദേശീയ ദിനത്തോടനുബന്ധിച്ച് ഞാന്‍ പാകിസ്ഥാന് ജനതയ്ക്ക് ആശംസകള്‍ നേരുന്നു. ഒരു അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യ സൗഹാര്‍ദ്ദപരമായ ബന്ധം ആഗ്രഹിക്കുന്നു. ഇതിനായി ഭീകരതയുടെയും ശത്രുതയുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷം ഉണ്ടാകണം'പാകിസ്ഥാന്റെ എഴുപതാം ദേശീയ ദിനത്തില്‍ പ്രധാനമന്ത്രി മോദി കത്തില്‍ പറഞ്ഞു.
1940 ലെ ലാഹോര്‍ പ്രമേയത്തിന്റെയും പാകിസ്ഥാന്റെ ആദ്യത്തെ ഭരണഘടന അംഗീകരിച്ചതിന്റെയും സ്മരണയ്ക്കായി എല്ലാ വര്‍ഷവും മാര്‍ച്ച് 23ന് ദേശീയ ദിനമായി പാകിസ്ഥാന് അടയാളപ്പെടുത്തുന്നു. കോവിഡ് 19 മഹാമാരിയെ വെല്ലുവിളികളെ നേരിടാന്‍ അദ്ദേഹം രാജ്യത്തിന് ആശംസകള്‍ അറിയിച്ചു. 'മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഇത് പ്രയാസകരമായ സമയമാണ്. കോവിഡ് 19 മഹാമാരി വെല്ലുവിളികളെ നേരിടുന്നതിന് നിങ്ങള്‍ക്കും പാകിസ്ഥാന് ജനതയ്ക്കും എന്റെ ആശംസകള്‍' മോദി കത്തില്‍ എഴുതി.
കോവിഡ് ബാധിതനായപ്പോൾ ഇമ്രാൻ ഖാന് രോഗമുക്തി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇമ്രാൻഖാന് ആശംസ നേർന്നത്. ഇമ്രാൻ ഖാൻ വേഗത്തിൽ കോവിഡ് മുക്തനാകട്ടെ എന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോവിഡ് ബാധിതനായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് രോഗമുക്തി ആശംസിച്ച് നരേന്ദ്ര മോദി രംഗത്തെത്തിയത്.
മാർച്ച് 17 ന് കൊറോണ വൈറസിനെതിരെ ഇമ്രാൻ ഖാൻ വാക്സിനേഷൻ സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിക്ക് രോഗം ബാധിച്ചത്. ചൈനയുടെ കോവിഡ് വാക്സിൻ ആയ സിനോഫോം ആണ് ഇമ്രാൻ ഖാന് എടുത്തത്. മാർച്ച് 17 ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബധന ചെയ്തുകൊണ്ട് അവബോധ സന്ദേശം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ഇമ്രാൻ രോഗം സ്ഥിരീകരിച്ചത്. ഇപ്പോൾ ഔദ്യോഗിക വസതിയിൽ ക്വറന്റീനിൽ ആണ് അദ്ദേഹം.
കോവിഡ് തരംഗം പാക്കിസ്ഥാനെ വീണ്ടും ബാധിക്കാതിരിക്കാൻ എല്ലാവരും വാക്സിൻ എടുക്കണമെന്ന് ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. നിലവിൽ, ചൈനീസ് വാക്സിൻ പാകിസ്ഥാനിൽ ലഭ്യമാണ്. ചൈന ഏകദേശം 5 ലക്ഷം ഡോസ് സിനോഫോം വാക്സിൻ പാകിസ്ഥാനായി നൽകിയിട്ടുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ ബ്രിട്ടനിൽനിന്നുള്ള ആസ്ട്രസെനേക്ക വാക്സിനും പാകിസ്ഥാനിൽ ലഭ്യമാകും.