സർക്കാരിന് തിരിച്ചടി: നിയമസഭാ കൈയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി; മന്ത്രിമാരടക്കം വിചാരണ നേരിടണം


കൊച്ചി: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കെ.ടി. ജലിലീല്‍, ഇ.പി. ജയരാജന്‍ അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്നാണ് നിയമസഭയില്‍ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിനിടയില്‍ പ്രതിഷേധം അരങ്ങേറിയത്. കൈയ്യാങ്കളിയും പൊതുമുതല്‍ നശിപ്പിക്കുന്നത് അടക്കമുള്ള സംഭവങ്ങളും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെട്ടതായി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിരുന്നു.

അന്നത്തെ എംഎല്‍എമാരായിരുന്ന കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, സി.കെ. സദാശിവന്‍ എന്നിവരടക്കം പ്രതിപക്ഷത്തെ ആറ് പേര്‍ക്കെതിരെയായിരുന്നു കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നടപടി ആരംഭിച്ചതിനിടയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ സാഹചര്യത്തില്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍ തുടങ്ങിയവരടക്കമുള്ളവര്‍ വിചാരണ നേരിടേണ്ടിവരും.

കേസ് പിന്‍വലിക്കണമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. നേരത്തെ വിചാരണ കോടതിയില്‍ സര്‍ക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി വന്നത്. ഈ ഹര്‍ജിയാണ് ഇപ്പോള്‍ ഹൈക്കോടതി തള്ളിയത്. പൊതുമുതല്‍ നശിപ്പിച്ച കേസ് നിലനില്‍ക്കുമെന്നും അതുകൊണ്ട് ഇവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ എതിര്‍കക്ഷികളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുണ്ടായിരുന്നു. കേസ് പിന്‍വലിക്കരുതെന്ന് പ്രതിപക്ഷ നേതാവും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.