കോഴിക്കോട്: കഴിഞ്ഞ തവണ കേരളാ കോൺഗ്രസ് മത്സരിച്ച പേരാമ്പ്ര സീറ്റ് ഇക്കുറി ലീഗിന് വിട്ട് കൊടുത്തതിനെ ചൊല്ലിയാണ് കോൺഗ്രസിലെ കലഹം. നേതൃത്വത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുവാനാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ തീരുമാനം. കേരള കോൺഗ്രസ് എം എൽ.ഡി.എഫിലേക്ക് പോയതോടെ ഒഴിവ് വന്ന സീറ്റ് ലീഗിന് നൽകുകയായിരുന്നു.
തർക്കം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ദിവസം ലീഗ് പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നുമില്ല. ഇതിലേക്ക് ആരെ പരിഗണിക്കമെന്ന ചർച്ച നടക്കുന്നതിനിടെയാണ് വിമത നീക്കം. ബഹുജന കൺവെൻഷൻ വിളിച്ച് ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് വിമത നീക്കം നടത്തുന്നവർ പറയുന്നു. ലീഗ് പേരാമ്പ്ര സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പിന്നെന്തിനാണ് കൊടുത്തത്? പ്രതിഷേധം ലീഗിനോ കോൺഗ്രസിനോ എതിരല്ലെന്നാണ് വിമതരു നിലപാട്.
പേരാമ്പ്ര കിട്ടിയ സീറ്റിൽ ആരെ സ്ഥാനാർത്ഥിയാക്കുമെന്ന തർക്കമാണ് ലീഗിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം 25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പാണക്കാട് ഹൈദരി തങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പ്രഖ്യാപനം മാറ്റിവെച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പേരാമ്പ്ര. പ്രവാസി വ്യവസായിയായ സിഎച്ച് ഇബ്രായിക്കുട്ടിയെ മണ്ഡലത്തില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ നീക്കത്തിനെതിരെ വലിയ എതിര്‍പ്പാണ് മണ്ഡലത്തില്‍ നിന്നും ഉയര്‍ന്നത്. പ്രതിഷേധം മറികടന്ന് സിഎച്ച് ഇബ്രായിക്കുട്ടിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചാല്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഉള്‍പ്പടേയുള്ള കടുത്ത നടപടികളിലേക്ക് പോവാനാണ് നീക്കം. മുസ്ലിം ലീഗ് മണ്ഡലം കമ്മറ്റി മറ്റ് പേരുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
യു.ഡി.എഫിൽ തർക്കം തുടരുമ്പോൾ മന്ത്രിയും, സിറ്റിങ് എം.എൽ.എയുമായ ടി.പി.രാമകൃഷ്ണൻ പ്രചരണ രംഗത്ത് സജീവമായി കഴിഞ്ഞു. മണ്ഡലം കൺവൻഷൻ വിളിച്ച് ചേർത്തും, സ്ക്വാഡ് പ്രവർത്തനങ്ങൾ നടത്തിയുമാണ് പ്രവർത്തകർ സജീവമായിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പേരാമ്പ്ര നിയമസഭാമണ്ഡലം.
2016-ൽ സി.പി.എമ്മിലെ ടി.പി. രാമകൃഷ്ണൻ കേരള കോൺഗ്രസിലെ മുഹമ്മദ് ഇക്ബാലിനെയാണ് പരാജയപ്പെടുത്തിയത്. ശക്തമായ പോരാത്തിനൊടുവിൽ കുറഞ്ഞ വോട്ടുകൾക്കാണ് ടി.പി.രാമകൃഷ്ണൻ 2016ൽ വിജയിച്ച് കയറിയത്.
ടി.പി.രാമകൃഷ്ണനെ പരാജയപ്പെടുത്തിയ മുഹമ്മദ് ഇക്ബാൽ ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കുറ്റ്യാടിയിൽ നിന്നുമാണ് ജനവിധി തേടുന്നത്.
കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസിന് വിട്ടു നൽകിയ നടപടിക്ക് എതിരെ സി.പി.എം.ൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പാർട്ടി തീരുമാനത്തിന് എതിരെ പ്രവർത്തകർ നേതൃത്വത്തിന് എതിരെ പ്രതിഷേധ പ്രകടനവുമായി രംഗത്ത് ഇറങ്ങിയിരുന്നു. എങ്കിലും തീരുമാനത്തിൽ മാറ്റം വരുത്തുവാൻ നേതൃത്വം തയ്യാറായില്ല.
പ്രതിഷേധം ഭയന്ന് തീരുമാനത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തിചേരുകയായിരുന്നു സി.പി.എം. എന്നാൽ തീരുമാനത്തിന് എതിരെ ശക്തമായ പ്രതിഷേധത്തിലാണ് പാർട്ടി പ്രവർത്തകർ. രണ്ടില ചിഹ്നമല്ല അരിവാൾ ചുറ്റിക നക്ഷത്രത്തിൽ സ്ഥാനാർത്ഥി വേണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.