ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. എ.ബി.വി.പിക്കാര്‍ ആക്രമിച്ചു എന്നത് ആരോപണം മാത്രമാണ്. ഭിന്നിപ്പിന് വേണ്ടിയാണ് ഈ വിഷയം ഉന്നയിക്കുന്നതെന്നും ഇത് കേരളത്തില്‍ ചര്‍ച്ചയാക്കുന്നത് വോട്ടിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി കേരള സര്‍ക്കാര്‍ ഈ സംഭവം ഉപയോഗപ്പെടുത്തിയെന്നും കേന്ദ്ര റെയില്‍വേ മന്ത്രി ആരോപിച്ചു.
കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. പിന്നാലെ കേരളത്തിലെത്തിയ അമിത് ഷാ ഉത്തര്‍പ്രദേശിലെ സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുംനല്കി. ഇതിനിടെയാണ് കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരാണെന്ന് ഝാന്‍സി റെയില്‍വേ പോലീസ് സൂപ്രണ്ട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കളയുന്നതാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുടെ പുതിയ പ്രസ്താവന.
മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ ഝാന്‍സിയില്‍വെച്ച് മലയാളി അടക്കമുള്ള കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്നായിരുന്നു പരാതി. പെണ്‍കുട്ടികളെ മതംമാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് ഒരു സംഘം കന്യാസ്ത്രീകള്‍ക്ക് നേരേ കൈയേറ്റത്തിന് മുതിര്‍ന്നത്. ഇവരെ ഏറെനേരം തടഞ്ഞുവെയ്ക്കുകയും ചെയ്തു. പിന്നീട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്.