കൊണ്ടോട്ടി: രണ്ടര മാസത്തെ ഇടവേളയ്ക്ക് ശേഷം നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വര്‍ വീണ്ടും നാട്ടിലേക്ക്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ അന്‍വറിന് വന്‍ സ്വീകരണമാണ് സിപിഎം അണികള്‍ ഒരുക്കിയത്. കഴിഞ്ഞ ദിവസമാണ് സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. നിലമ്പൂര്‍ നിന്ന് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇത്തവണയും അന്‍വര്‍ തന്നെയാണ് മത്സരിക്കുന്നത്.
സംസ്ഥാനം നിയമസഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ കഴിഞ്ഞ മൂന്നു മാസക്കാലമായി അന്‍വര്‍ നാട്ടിലില്ലാതിരുന്നത് ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു. എം.എല്‍.എയെ കാണാനില്ലെന്ന് പ്രതിപക്ഷം വിവാദം ഉന്നയിച്ചപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ സിയറോ ലിയോണയിലുണ്ടെന്ന അറിയിപ്പുമായി പി.വി. അന്‍വര്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
താന്‍ ആഫ്രിക്കയിലെത്തിയതിന്റെ സാഹചര്യം വിശദീകരിച്ചുകൊണ്ടും പിന്നീട് പി വി അന്‍വര്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു. അപവാദ പ്രചാരണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് അന്‍വര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. തന്റെ എല്ലാ കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ട സാഹചര്യം വന്നു. ബാധ്യത തീര്‍ക്കാനാണ് വിദേശത്തേക്ക് പോയത്. രാഷ്ട്രീയ ശത്രുക്കള്‍ ഇന്നുവരെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഒരു എംഎല്‍എയെ ഇങ്ങനെ വേട്ടയാടിയിട്ടുണ്ടാവുമോ എന്ന് തനിക്കറിയില്ലെന്നും അന്‍വര്‍ അന്ന് വീഡിയോയില്‍ വിശദീകരിച്ചു.
അതിനിടയില്‍ ഘാനയിൽ ജയിലിലാണെന്ന തരത്തിലുള്ള വിവാദ വാര്‍ത്തകളും അന്‍വറിനെപ്പറ്റി പ്രചരിച്ചിരുന്നു. എന്നാല്‍ ബിസിനസ്സ് ആവശ്യത്തിനാണ് ആഫ്രിക്കയിലാണുള്ളതെന്നും പാർട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും അന്‍വര്‍ പ്രതികരിച്ചിരുന്നു. ഘാനയിൽ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്ന്പിവി അന്‍വര്‍ മറുപടി പറഞ്ഞിരുന്നു.