ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. രാഹുല്‍ മാതൃകാ പെരുമാറ്റംച്ചട്ടം ലംഘിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം.
കന്യാകുമാരിയിലെ മുളകുംമൂട് സെന്റ് ജോസഫ് മെട്രിക് സ്കുളില്‍ രാഹുല്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബിജെപി നേതാവ് വി ബാലചന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചു. യുവാക്കളെ മറ്റൊരു സ്വാതന്ത്ര സമരത്തിന് പ്രേരിപ്പിച്ചതിന് രാഹുലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
രാജ്യത്ത് ഇപ്പോഴുള്ളത് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള സാഹചര്യമാണെന്ന് രാഹുല്‍ പ്രസംഗിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ ബ്രിട്ടീഷുകാരെ നേരിട്ട രീതിയില്‍ യുവതലമുറ സമരത്തിനിറങ്ങണമെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേയാണ് ബിജെപി രംഗത്തെത്തിയത്. വിദ്വേഷമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഹുല്‍ യുവാക്കളെ മറ്റൊരു സ്വാതന്ത്ര്യസമരത്തിന് പ്രേരിപ്പിച്ചതെന്നും നിയമംവഴി സ്ഥാപിതമായ സര്‍ക്കാരിനോടുള്ള അനാദരവാണിതെന്നും ബിജെപി ആരോപിച്ചു.