'അഴിമതിക്ക് കൈയ്യും കാലും വെച്ചാല്‍ പിണറായി വിജയനാകും' മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്- രമേശ് ചെന്നിത്തല


തിരുവനന്തപുരം: അഴിമതിക്ക് കൈയ്യും കാലും വെച്ചാല്‍ പിണറായി വിജയനാകും. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് ചെന്നിത്തല പിണറായിയെ കടന്നാക്രമിച്ചത്.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ:

മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നതിന് തുല്യമാണ്.അഴിമതിയ്ക്ക് കൈയും കാലും വച്ചാൽ എങ്ങനെ ഇരിക്കുമോ അതാണ് മുഖ്യമന്ത്രി. എന്നിട്ടും അദ്ദേഹം അഴിമതിയ്ക്കെതിരെ സംസാരിക്കുകയാണ്. ചിലർക്ക് ചില ജന്മവാസനകളുണ്ടാകും. പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ല.

വൈദ്യുതി മന്ത്രി ആയിരിക്കുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് പിണറായി. പള്ളിവാസൽ, ചെങ്കുളം, പന്നിയാർ എന്നീ മൂന്നു ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു വേണ്ടിയുള്ള കരാറിൽ 374 കോടി രൂപയുടെ അഴിമതി കേസിലെ ഒൻപതാമത്തെ പ്രതിയാണ് ഇന്നത്തെ മുഖ്യമന്ത്രി. പഴയ കാര്യങ്ങളൊക്കെ ആളുകൾ മറന്നു പോയി എന്നാണ് അദ്ദേഹം കരുതുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും സുപ്രീം കോടതിയിൽ നിലനിൽക്കുകയാണ്. 28 തവണയാണ് സിബിഐ തന്നെ ഇടപെട്ട് സുപ്രീം കോടതിയിൽ മാറ്റിവെച്ചത്. പിണറായി വിജയന് ബിജെപിയിലുള്ള സ്വാധീനമാണ് ഇതിലൂടെ പുറത്തു വരുന്നത്. ലാവ്ലിന്‍ അഴിമതിയുടെ തുടര്‍ച്ചയാണ് പിണറായി മുഖ്യമന്ത്രിയായപ്പോഴും ഉണ്ടായിരിക്കുന്നത്. ഏതില്‍ തൊട്ടാലും അതിലെല്ലാം അഴിമതിയും കമ്മീഷനും.

ബ്രൂവറി, സ്പ്രിംക്ലെർ, പമ്പ മണൽക്കടത്ത്, കെ ഫോൺ, ഇ - മോബിലിറ്റി, ആഴക്കടൽ ഇങ്ങനെ പുറത്തു വന്ന എല്ലാ അഴിമതിയും ചെന്ന് നിൽക്കുന്നത് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിരന്തരം ഉന്നം വെയ്ക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പരാതി. കേരളത്തിൽ നടക്കുന്ന എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ് . അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി പറയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് സ്വർണക്കടത്ത് നടന്നതെന്നാണ് പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി. ഇ ഡി ഹൈക്കോടതിയിൽ ഇത് തെളിവായി കൊടുത്തിരിക്കുകയാണ്. ആദ്യം തൊട്ടു തന്നെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ കള്ളമായിരുന്നു.

സ്വപ്നയെ മുഖ്യമന്ത്രിയ്ക്ക് നല്ലതു പോലെ പരിചയമുണ്ടായിരുന്നിട്ടും ഏതോ ഒരു സ്ത്രീ എന്ന നിലയിലാണ് മുഖ്യമന്ത്രി പത്രസമ്മേളനങ്ങളിൽ പറഞ്ഞിരുന്നത്. സ്വന്തം വകുപ്പിന് കീഴിൽ കള്ള സർട്ടിഫിക്കറ്റുമായി രണ്ടു ലക്ഷം രൂപ ശമ്പളത്തിൽ ജോലി ചെയ്തത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. എന്നാൽ എല്ലാം മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി.

അഴിമതി മറച്ചുവെക്കാൻ നിരന്തരം കള്ളങ്ങൾ പറയുകയാണ് മുഖ്യമന്ത്രി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രിയുടെ തനിനിറം പുറത്ത് വന്നിരിക്കുകയാണ്.

കേരളത്തിൽ അഴിമതിക്കേസുകൾ കുറഞ്ഞിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് അദ്ദേഹം നന്ദി പറയേണ്ടത് ചിരകാല സുഹൃത്തായ നരേന്ദ്ര മോദിയോടാണ്. അഴിമതി നിരോധന നിയമത്തിൽ മോദി വെള്ളം ചേർത്തത് കൊണ്ടാണ് കേരളത്തിൽ അഴിമതിക്കേസുകളുടെ എണ്ണം കുറഞ്ഞത്. മന്ത്രി, എം പി, എം എൽ എ, മുൻ എം എൽ എ തുടങ്ങിയവർക്കെതിരെ അഴിമതി അന്വേഷണം നടത്താൻ ക്യാബിനെറ്റിന്റെയോ, അപ്പോയിന്റിങ്ങ് അതോറിറ്റിയുടെയോ അനുമതി വേണം എന്നാണ് പുതിയ നിയമം. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പേരിൽ ഞാൻ വിജിലൻസ് ഡയറക്ടർക്ക്‌ നൽകിയ അഴിമതി കേസുകൾ അന്വേഷിക്കാൻ ക്യാബിനറ്റ് അനുമതി നൽകിയില്ല. മന്ത്രിമാർക്കെതിരായ അഴിമതി അന്വേഷിക്കാൻ മന്ത്രിസഭയുടെ അനുമതി വാങ്ങേണ്ട ഗതികേടാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇതാണ് കേരളത്തിലും അഴിമതി കേസുകൾ കുറയാനുള്ള യഥാർത്ഥ കാരണം.

പമ്പാ മണൽക്കടത്ത്‌ കേസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ഞാൻ വിജിലൻസ് കോടതിയിൽ പരാതി നൽകിയിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ഹൈക്കോടതിയിൽ പോയി അന്വേഷണം സ്റ്റേ ചെയ്യിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ആ കാലാവധി പൂർത്തിയായപ്പോൾ വീണ്ടും രണ്ടു മാസത്തേക്ക് ഹൈക്കോടതിയിൽ നിന്ന് സർക്കാർ സ്റ്റേ വാങ്ങി.

അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയെ കടത്തി വെട്ടുന്നയാളാണ് സ്പീക്കർ. അദ്ദേഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ കേരളം വിലയിരുത്തട്ടെ. സ്പീക്കറെ നീക്കണം എന്ന് പ്രതിപക്ഷം പറഞ്ഞപ്പോൾ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രണ്ടു പേരും ചേർന്നാണ് ഇതെല്ലാം ചെയ്തത് എന്നത് കൊണ്ടാണ് മുഖ്യമന്ത്രി സ്‌പീക്കറെ സംരക്ഷിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.