റാന്നി: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിറവത്തിന് പുറമെ റാന്നിയിലും കേരള കോണ്‍ഗ്രസില്‍ കലാപം. ചാടിക്കളിക്കുന്ന ആളെ സ്ഥാനാര്‍ഥിയായി വേണ്ടെന്നാണ് കേരള കോണ്‍ഗ്രസിലെ ഒരുവിഭാഗം പറയുന്നത്. വെള്ളിയാഴ്ച തടിയൂരില്‍ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് നേതൃത്വത്തിന് കത്ത് നല്കി. പ്രമോദ്നാരായണനെ വേണ്ട. മണ്ഡലത്തില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കണം. പ്രമോദ് നാരായണ്‍ മത്സരിച്ചാല്‍ റാന്നിയില്‍ എല്‍ഡിഎഫ് നാലാം സ്ഥാനത്ത് പോകുമെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു. ഇടതുമുന്നണിയുമായുള്ള ബന്ധം നഷ്ടപ്പെടാന്‍ അത് ഇടയാക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ പല പാര്‍ട്ടികളില്‍ പലവട്ടം അംഗത്വമെടുക്കുകയും അവിടെ നിന്ന് പുറത്തുപോകുകയും അങ്ങനെ പാരമ്പര്യമുള്ള വ്യക്തിയാണ് ഇയാള്‍. നാളെ ഈ സംഘടനയില്‍ ഈ വ്യക്തി കാണുമോയെന്ന് മാണി കോണ്‍ഗ്രസില്‍ ആര്‍ക്കും ഉറപ്പില്ലെന്നും ഇവര്‍ പറയുന്നു.
എസ്എഫ്ഐക്കാരനായി രാഷ്ട്രീയം തുടങ്ങിയ പ്രമോദ് നാരായണ്‍ പിന്നീട് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഏറെക്കാലം പ്രവര്‍ത്തിച്ചു. അവിടെ നിന്നാണ് കേരള കോണ്‍ഗ്രസ് എമ്മിലെത്തിയത്. 12 മണ്ഡലം കമ്മിറ്റികള്‍ നല്കിയ പേരുകളില്‍ പ്രമോദ് നാരായണന്റെ പേരില്ല. എന്നിട്ടും നേതൃത്വത്തിന്റെ പ്രത്യേക താത്പര്യപ്രകാരം സ്ഥാനാര്‍ഥിയാക്കി. മണ്ഡലത്തില്‍ ആരെയും പരിചയമില്ലാത്ത ആള് സ്ഥാനാര്‍ഥിയായി രംഗത്തുവന്നാല്‍ പൊതുജനം അംഗീകരിക്കില്ലെന്നും ഒരുവിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.