കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുകള്‍ പരാമര്‍ശിക്കപ്പെട്ടത് വന്‍ വിവാദമാകുമ്പോള്‍ ഇ.ഡി. യ്ക്കെതിരേ ഗുരുതര ആരോപണവുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി. സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാന്‍ നിര്‍ബന്ധിച്ചു എന്ന് ആരോപിച്ച് ഇ.ഡി. യ്ക്കെതിരേ സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു.
ജാമ്യം ലഭിക്കുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം നല്കി ഇവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം. പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിക്കേണ്ടിവരുമെന്ന് ഭീഷണപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. ഇ.ഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്റെ പേരെടുത്തും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും ഒരു ഉന്നതന്റെ മകന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് കത്തില്‍.
സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച് അറിയാന്‍ ഇ.ഡി. ഇതുവരെ ശ്രമിച്ചിട്ടില്ല എന്നും അത്തരത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പകരം മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേര് പറയാനാണ് നിര്‍ബന്ധിച്ചതെന്നും അന്വേഷണം വഴി തെറ്റിക്കാണ് ഇവര്‍ ശ്രമിച്ചതെന്നും കത്തില്‍ പറയുന്നു.
തന്നെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്നും തനിക്ക് ജാമ്യം അനുവദിക്കണമെന്നും കാണിച്ചാണ് കത്തയച്ചിരിക്കുന്നത്.