റിയാദ്: സൗദിയിലെ തൊഴിലാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൊഴിൽ പരിഷ്കാരങ്ങള്‍ പരിഷ്കാരങ്ങൾ മാർച്ച് 14 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ നവംബർ നാലിനാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പദ്ധതിയിലൂടെ തൊഴിൽ തർക്കങ്ങൾ ഇല്ലാതാക്കുകയും തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർബന്ധം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും തൊഴിൽ തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുക. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടും. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഈ മാറ്റം ബാധകമല്ല. അബ്ഷർ, ഖിവ തുടങ്ങിയ പോർട്ടലുകൾ വഴിയാണ് സേവനം ലഭിക്കുക.
പുതിയ മാറ്റമനുസരിച്ച് കരാർ കാലാവധിക്ക് ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിൽ മാറാനും സ്പോൺസർഷിപ്പ് മാറാനും തൊഴിലാളിക്ക് അനുവാദമുണ്ടായിരിക്കും. കരാർ കാലാവധിക്കുള്ളിൽ തന്നെ തൊഴിൽ മാറാൻ തൊഴിലാളി ആഗ്രഹിക്കുന്നുവെങ്കിൽ, 90 ദിവസം മുമ്പ് തൊഴിലുടമക്ക് നോട്ടിസ് നൽകണം. എന്നാൽ ഇങ്ങനെ സേവനം അവസാനിപ്പിച്ചാൽ തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലാളി ബാധ്യസ്ഥനായിരിക്കും. അതേസമയം കരാർ കാലാവധി തീരുന്നതിന് മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടാൽ തൊഴിലുടമയും നഷ്ടപരിഹാരം നൽകേണ്ടി വരും.
തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള കരാർ പ്രകാരമുളള സേവനം അവസാനിച്ചാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ തൊഴിലാളിക്ക് ഫൈനൽ എക്സിറ്റ് നേടാവുന്നതാണ്. തൊഴിലാളിക്ക് സ്വന്തമായി തന്നെ എക്സിറ്റ്, റീ എൻട്രി വിസകൾ നേടി നാട്ടിലേക്ക് പോകാം. ഇതിന് സ്പോൺസറുടെ അനുമതി ആവശ്യമില്ല. എങ്കിലും തൊഴിലാളി രാജ്യം വിടുമ്പോൾ ഇത് സംബന്ധിച്ച അറിയിപ്പ് ഇലക്ട്രോണിക്-സേവനം മുഖേന സ്പോൺസർക്ക് ലഭിക്കുന്നതാണ്.