കേന്ദ്രത്തിന്റെ വിരട്ടൊന്നും ഇവിടെ വിലപ്പോവില്ല: കിഫ്ബിയിലെ ഇ.ഡി അന്വേഷണത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്- ധനമന്ത്രി തോമസ് ഐസക്ക്


തിരുവനന്തപുരം: കിഫ്ബിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചതോടെ സംസ്ഥാന വികസനം അട്ടിമറിക്കാനുള്ള ഇ.ഡിയുടെ ഗൂഢാലോചന പുറത്തുവന്നുവെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് കാലത്ത് വികസനം അട്ടിമറിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. വിവാദമുണ്ടാക്കി കിഫ്ബി ബോണ്ടുകളുടെ മൂല്യം കുറയ്ക്കാനാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇ.ഡി സംസ്ഥാന അധ്യക്ഷന്‍ മനീഷ് രാജസ്ഥാനിലെ ബി.ജെ.പി നേതാവിന്റെ മകനാണെന്നും ധനമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ നീക്കം കേരളത്തില്‍ വിലപ്പോകില്ല. കേരള വികസനത്തെ തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ജനങ്ങളെ അണിനിരത്തി നേരിടും. കിഫ്ബി തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുമന്നാട്ടുകൊണ്ടുപോകും. അതില്‍ ഒളിച്ചുകളി നടത്തുന്ന യൂ.ഡി.എഫിനെ ലൈഫ് മിഷന്റെ കാര്യത്തിലെന്ന പോലെ ജനങ്ങള്‍ നിലപാട് തിരുത്തിക്കും.

കിഫ്ബിക്കെതിരായ നീക്കം കുറച്ചുമാസമായി നീക്കം തുടങ്ങിയിട്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 9ന് സ്വര്‍ണക്കള്ളക്കടത്തില്‍ തെളിവെടുപ്പ് നടത്തുമ്പോള്‍ ശിവശങ്കറിനോട് ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നു. നിങ്ങളുടെ ഏതെങ്കിലും ക്ലയിന്റിന് കിഫ്ബിയില്‍ താല്‍പര്യമുണ്ടോ? എന്ന് ഇ.ഡി ചോദ്യം ഉന്നയിച്ചിരുന്നു. ഇവരെന്താ ജോക്കര്‍മാരാണോ? കിഫ്ബി നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനമല്ല. കിഫ്ബി മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മാര്‍ക്കറ്റില്‍ നിന്നും വായ്പ പല രൂപത്തില്‍ സ്വീകരിച്ച് നിക്ഷേപം എടുക്കുന്ന സ്ഥാപനമാണ്.

ഇ.ഡി അന്വേഷണത്തോടെ കിഫ്ബിക്കെതിരെയുള്ള ഗൂഢാലോചന പുറത്തുവന്നു. കിഫ്ബിയെ തകര്‍ത്ത് വികസനം അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചന. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്നും ധനമന്ത്രി ആരോപിച്ചു.

മനീഷ് എന്നൊരു ഐആര്‍എസ് ഓഫീസറെ രാജസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇയാള്‍ രാജസ്ഥാനിലെ ബി.ജെ.പി നേതാവിന്റെ മകനാണ്. ബി.ജെ.പിക്ക് വേണ്ടി രാജ്യത്തിന്റെ പല ഭാഗത്തും കോണ്‍ഗ്രസിനെതിരെ ഉള്‍പ്പെടെ റെയ്ഡ് നടത്തുകയാണ്. ഫെബ്രുവരി മാസം ആദ്യം കിഫ്ബിയിലെ രണ്ട് ഉദ്യോഗസ്ഥരോട് കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. കിഫ്ബി ജനറല്‍ ബോഡി യോഗം ചേരുന്നതിനാല്‍ 17ന് അവര്‍ ഹാജരായി. 25നും ഹാജരായി. മാര്‍ച്ച് എട്ടിന് ഹാജരാകാന്‍ അടുത്ത തീയതി നിശ്ചയിച്ചിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു. അവരെ കിഫ്ബിക്കെതിരെ ഉപയോഗിക്കുന്നു. കഴിഞ്ഞ തവണ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരായപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കമ്പ്യുട്ടര്‍ സ്‌ക്രീനിലുണ്ടായിരുന്നത് കേന്ദ്രധനമന്ത്രി കിഫ്ബിയെ കുറിച്ച് പറഞ്ഞതായിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്രധനമന്ത്രി തന്നെ നേതൃത്വം നല്‍കുന്നു. കിഫ്ബിയിലെത് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മന്ത്രിമാര്‍ അടക്കമുള്ളവരുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കുന്നത്. അവരുടെ നിലപാടിന് ഉത്തരവാദിത്തമുണ്ട്. ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ നോക്കേണ്ട. ഇവിടെ ക്രമസമാധാന പാലനത്തിന് പോലീസുണ്ട്. പേടിപ്പിച്ച് വരുതിയിലാക്കാന്‍ നോക്കിയാല്‍ നടക്കില്ല. പേടിച്ച് പിന്മാറാന്‍ വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാരല്ല ഇത്.

ഇത് കേരളത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്. ഫെമ ലംഘനത്തിന്റെ നോട്ടീസ് ആണ് നല്‍കിയിരിക്കുന്നത്. പത്രത്തില്‍ വന്നശേഷമാണ് നോട്ടീസ് ഔദ്യോഗികമായി കിഫ്ബിക്ക് ലഭിച്ചിരിക്കുന്നത്.

ബോണ്ട് വഴി സമാഹരിക്കുന്ന പണത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കുകയാണെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വസിക്കുന്നത്. ആരെങ്കിലും അതിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ പോയി പിടിച്ചോളൂ. ഇവിടെ കിടന്ന് നിരങ്ങണ്ട. കിഫ്ബിയില്‍ പണം നിക്ഷേപിക്കണമെങ്കില്‍ കെ.വൈ.സി, പാന്‍കാര്‍ഡ്, ബാങ്ക് വഴിയുള്ള ഇടപാട് എന്നിവ അനിവാര്യമാണ്. ഇതൊക്കെ മറച്ചുവച്ചാണ് കിഫ്ബിയെ ഞെക്കിക്കൊല്ലാന്‍ കേന്ദ്രമന്ത്രി തന്നെ ഇറങ്ങിയിരിക്കുകയാണ്. പമ്പര വിഡ്ഢിത്തരമാണ് സി.എ.ജി പറയുന്നത്.

ഈ തിരഞ്ഞെടുപ്പ് കാലത്ത് കിഫ്ബിയെ തകര്‍ത്തുകളയാമെന്ന് കരുതേണ്ട. ബി.ജെ.പിയുടെ സഹായം നേരത്തെ അറിയാവുന്നതുകൊണ്ട് നിയമസഭയില്‍ അംഗീകരിച്ച് 10,000 കോടി മുന്‍കൂട്ടി എടുത്തുവച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിന് ഒരു കുറവും വരില്ല. കിഫ്ബി വീഴാനും പോകുന്നില്ല. ഇവരുടെ സ്വഭാവം എന്താണെന്ന് തുറന്നുകാണിക്കാന്‍ പറ്റിയെന്നും തോമസ് ഐസക്ക് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.