ഐഫോൺ വിവാദം; സന്തോഷ് ഈപ്പന്‍ തനിക്ക് ഫോണ്‍ തന്നിട്ടില്ലെന്ന് വിനോദിനി; കൊടുത്തത്‌‌ സ്വപ്നയ്ക്കെന്ന് സന്തോഷ്


തിരുവനന്തപുരം: ഐഫോണ്‍ വിവാദത്തില്‍ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും. സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് സന്തോഷ് ഈപ്പന്‍ ഫോണ്‍ തന്നിട്ടില്ലെന്നുമാണ് വിനോദിനി അറിയിച്ചത്.

ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് പരസ്യമായി പ്രതികരിക്കാന്‍ വിനോദിനി തയ്യാറായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം നിഷേധിക്കുകയാണ് അവര്‍. കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനായി ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു.

അതേ സമയം താന്‍ ഐഫോണുകള്‍ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്നും വിനോദിനിയെ അറിയില്ലെന്നുമാണ് സന്തോഷ് ഈപ്പന്‍ വ്യക്തമാക്കിയത്. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് കോഴയായ നല്‍കിയ ഐഫോണുകളിലൊന്ന് ഉപയോഗിച്ചെന്ന് കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു ഇരുവരുടേയും പ്രതികരണം.

താന്‍ ആറു ഫോണുകള്‍ വാങ്ങിയെന്നും അവ സ്വപ്ന സുരേഷിനാണ് കൈമാറിയതെന്നും സന്തോഷ് ഈപ്പന്‍ പറയുന്നു. വില കൂടിയ ഫോണ്‍ കോണ്‍സുല്‍ ജനറലിന് നല്‍കാനാണെന്നാണ് പറഞ്ഞിരുന്നത്. വിനോദിനിയെ നേരിട്ട് അറിയില്ലെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം തനിക്ക്‌ സ്വപ്ന ഫോൺ തന്നിരുന്നോ എന്ന കാര്യത്തിൽ വിനോദിനി ബാലകൃഷ്ണൻ വ്യക്തത വരുത്തിയിട്ടില്ല.

സന്തോഷ് ഈപ്പന്‍ സ്വപ്‌നയ്ക്ക് വാങ്ങി നല്‍കിയ ആറ് മൊബൈലുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

ഐഎംഇ നമ്പര്‍ പരിശോധിച്ചാണ് വിനോദിനിയാണ് ആറാമത്തെ ഫോണ്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഈ ഫോണില്‍ നിന്ന് യൂണിടാക് ഉടമയെ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയതായും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.