ആകെ സമ്പാദ്യമായി അക്കൗണ്ടിൽ ഉള്ളത് 2,00,850, അതിൽ 2 ലക്ഷം വാക്സിൻ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: പേര് പുറത്തുപറയരുതെന്ന് അപേക്ഷയും, ഞെട്ടിച്ച് വികലാംഗനായ ഒരു ബീഡിത്തൊഴിലാളികണ്ണൂർ: ​കണ്ണൂരിലെ പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ബീഡിത്തൊഴിലാളിയായ 70 വയസ്സുകാരന്റെ ബാങ്ക് അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 2,00,850 രൂപയായിരുന്നു. അതിലെ രണ്ട് ലക്ഷവും വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി ബാങ്ക് ജീവനക്കാരെയാണ് ആദ്യം അദ്ദേഹം ഞെട്ടിച്ചത്. കണ്ണൂർ കേരള ബാങ്കിലെ ജീവനക്കാരനായ സി.പി സൗന്ദർരാജ് അവിശ്വസനീയമായ ആ സംഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ചതോടെയാണ് കേരളമാകെ ഞെട്ടിയത്. പിന്നീട് പതിവ് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഇക്കാര്യം എടുത്ത് പറഞ്ഞു.

പേര് വെളിപ്പെടുത്തരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതിനാലാണ് പറയാത്തത്, ബാങ്ക്ജീവനക്കാരനായ സൗന്ദർ രാജ് മാതൃഭൂമിയോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് അദ്ദേഹം ബാങ്കിലേക്ക് വന്ന് പാസ്സ് ബുക്ക് നൽകി മാനേജരോട് ബാലൻസ് ചോദിക്കുന്നത്. 2,00,850 രൂപയുണ്ടെന്ന് മറുപടി പറഞ്ഞപ്പോൾ 850 രൂപ അക്കൗണ്ടിൽ വെച്ച് ബാക്കി രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിന് സംഭാവനയായി നൽകാൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. അസാധാരണമായ ഈ ആവശ്യം കേട്ട് പരിഭ്രമിച്ച മാനേജർ ആളെ എന്റരികിലേക്ക് പറഞ്ഞു വിടുകയായിരുന്നു, സൗന്ദർ രാജ് പറഞ്ഞു.

വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലെന്നുകരുതി ഒരു ലക്ഷം അല്പം കഴിഞ്ഞ് അയച്ചാൽ പോരെ എന്ന് ചോദിച്ചെങ്കിലും അയാൾ അത് നിരസിച്ചു. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ട് ആവേശം പൂണ്ട് അദ്ദേഹം തീരുമാനമെടുത്തതാവുമെന്ന് കരുതിയാണ് പിന്തിരിപ്പിക്കാൻ ശ്രമിച്ചത്, സൗന്ദർ രാജ് കൂട്ടിച്ചേർത്തു.

നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ എന്ന സൗന്ദർ രാജിന്റെ ചോദ്യത്തിന് ആ മനുഷ്യൻ നൽകിയ ഉത്തരമിതാണ്- എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പുമുണ്ട്. അതിനു ആഴ്ചയിൽ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത്. ഇതായിരുന്നു ആ അജ്ഞാത മനുഷ്യന്റെ മറുപടി.

70 വയസ്സുള്ള മനുഷ്യന് രണ്ട് മക്കളുണ്ടെന്നും അവരെല്ലാം വിവാഹിതരായി കഴിയുന്നുവെന്നുമുള്ള ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം സ്വന്തം ജീവിതം പറഞ്ഞു നിർത്തി.

കേന്ദ്രം വാക്സിൻ നയത്തിൽ മാറ്റം വരുത്തി സംസ്ഥാനങ്ങൾക്ക് മേൽ അധികഭാരം ചുമത്തിയതിനെത്തുടർന്നാണ് കേരളത്തിൽ ഒരു പറ്റം ചെറുപ്പക്കാർ ചേർന്ന് വാക്സിൻ ചാലഞ്ച് തുടങ്ങിയത്. ഒരു ഡോസ് വാക്സിന്റെ തുകയായ 400 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കയക്കുക എന്നതായിരുന്നു ചലഞ്ച്. ചെറിയ രീതിയിൽ സമൂഹമാധ്യമങ്ങളിൽ അങ്ങിങ്ങായ ആരംഭിച്ച ചലഞ്ചിലേക്ക് ചെറുതും വലുതുമായ തുക ആളുകൾ സംഭാവന നൽകി. ഇത്തരത്തിൽ രണ്ട് കോടിയോടടുത്ത് തുകയാണ് രണ്ട് ദിവസം കൊണ്ട് ദുരിതാശ്വാസ ഫണ്ടിലെത്തിയത്. ഇത്തരത്തിൽ സംഭാവന വാക്സിൻ ചാലഞ്ചായി എത്തുന്നതിന്റെ സന്തോഷവും ജനങ്ങളിൽ കഴിയുന്നവർ ചലഞ്ചിന്റെ ഭാഗമാവണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പങ്കുവെച്ചിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക