കോഴിക്കോട്: മൂന്ന് വയസുകാരനെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തി സാധനം വാങ്ങാൻ പോയ മുത്തച്ഛനെതിരെ രോഷപ്രകടനവുമായി നാട്ടുകാർ. ഇന്ന് രാവിലെ മാത്തോട്ടത്താണ് നാടകീയ സംഭവം അരങ്ങേറിയത്. മാർക്കറ്റിൽ തിരക്കായതിനാൽ കുട്ടിയെ ബസ് സ്റ്റോപ്പിൽ തനിച്ചു നിർത്തിയതാണ് പുലിവാലായത്. മുത്തച്ഛൻ മടങ്ങി എത്താൻ വൈകിയതോടെ കുട്ടി കരയാൻ തുടങ്ങി. ഇതേത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി. ബസ് സ്റ്റോപ്പിൽ ആൾക്കൂട്ടം കണ്ട് മുത്തച്ഛനും സ്ഥലത്തെത്തി. ഇദ്ദേഹത്തെ കണ്ടതോടെ കുട്ടി കരച്ചിൽ നിർത്തി. പിന്നെ നാട്ടുകാരുടെ രോഷപ്രകടനം മുത്തച്ഛനു നേരെയായി.
മാർക്കറ്റിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് പിന്നാലെ കൂടിയതാണെന്നാണ് മുത്തച്ഛൻ പറയുന്നത്. മാർക്കറ്റിൽ ജനക്കൂട്ടമായതിനാൽ പെട്ടെന്ന് സാധനം വാങ്ങി വരാം എന്നു കരുതി കുട്ടിയെ ഒഴിഞ്ഞ സ്ഥലത്ത് നിർത്തി മാർക്കറ്റിൽ പോയതാണെന്നും മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു. എന്നാൽ തിരക്കായതിനാൽ മടങ്ങിയെത്താൻ വൈകി. ഇതിനിടെ കുട്ടിയുടെ കാര്യം മറന്നുപോയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.