നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം. നാല് പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. 27 ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടിത്തം.
വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ഐസിയുവിലെ എസി യൂണിറ്റിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ആ നിലയില്‍ മാത്രമാണ് തീപിടിത്തമുണ്ടായതെന്നും കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടര്‍ന്നില്ലെന്നും നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ രാജേന്ദ്ര ഉച്കെ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. നാഗ്പൂരിലെ തീപിടിത്തത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്നും മോദി ട്വീറ്റ് ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായി മഹാരാഷ്ട്ര ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററില്‍ കുറിച്ചു.