80 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച കള്ളനെ കാൽവെച്ച് വീഴ്‌ത്തി വടകര സ്വദേശി
ഷാർജ: പണം തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ചയാളെ കാൽവെച്ച് വീഴ്ത്തി പണം തിരിച്ചെടുത്ത് മലയാളി യുവാവ് ശ്രദ്ധേയനായി. ദുബായ് ബെനിയാസ് സ്ക്വയർ മാർക്കറ്റിലാണ് സംഭവം. ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുപോകുന്ന നാലുലക്ഷം ദിർഹം (ഏകദേശം 80 ലക്ഷം രൂപ) തട്ടിയെടുത്ത് കടന്നുകളയാൻ ശ്രമിച്ച ഏഷ്യക്കാരനെയാണ് വടകര വള്ളിയോട്‌ പാറപ്പുറത്ത് ജാഫറിന്റെ സമയോചിത ഇടപെടലിലൂടെ കീഴടക്കിയത്.

റോഡിൽ ആളുകൾ ബഹളംവെക്കുന്നതുകേട്ട് പുറത്തിറങ്ങി നോക്കുമ്പോൾ ഒരാൾ പൊതിയുമായി അതിവേഗത്തിൽ ഓടിവരുകയായിരുന്നെന്ന് ജാഫർ പറഞ്ഞു. ‘‘ആദ്യം പിടിക്കാൻ ആലോചിച്ചെങ്കിലും തിരിച്ച് ആക്രമിക്കുമോയെന്ന് ഭയന്നാണ് കാൽവെച്ച് വീഴ്ത്തിയത്. വീഴുമ്പോഴേക്കും പിന്നാലെയെത്തിയ ആൾക്കൂട്ടം യുവാവിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു’’- ജാഫർ പറഞ്ഞു.

സഹോദരന്റെ മാർക്കറ്റിലുള്ള ജ്യൂസ് കടയിൽ സഹായിയായി നിൽക്കുകയായിരുന്നു ജാഫർ. കള്ളനെ കാൽവെച്ച് വീഴ്ത്തുന്നതിന്റെ നിരീക്ഷണ ക്യാമറാദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. എന്നാൽ പണം തിരികെ ലഭിച്ച ഉടമ നന്ദിവാക്കുപോലും പറയാതെപോയതിൽ ജാഫറിന് പരിഭവമുണ്ട്. ഇപ്പോൾ സന്ദർശക വിസയിൽ ദുബായിലെത്തിയ ജാഫർ റംസാൻ കഴിഞ്ഞയുടൻ ജോലിയിൽ പ്രവേശിക്കാനിരിക്കുകയാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക