അമ്പലപ്പുഴ: കോവിഡ് മൂലം ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കായി പ്രാർത്ഥിച്ച് ഒൻപതുകാരൻ. ഉമ്മൻ ചാണ്ടിയുടെ രോഗശാന്തിക്കായി പുറക്കാട് അറബി സയ്യിദ് തങ്ങൾ കബറിടത്തിൽ പ്രാർഥന നടത്തുകയാണ് അന്തരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഷാജി ഉടുമ്പാക്കലിന്റെ മകൻ. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം മുൻ പ്രസിഡന്റായിരുന്നു പരേതനായ ഷാജി. ഷാജിയുടെയും ഫാസിലയുടെയും ഇളയ മകൻ മുഹമ്മദ് ഷിയാസാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക പ്രാർഥന നടത്തിയത്.
പുറക്കാട് മുസ്ലിം ജമാഅത്തിൽ ഉമ്മൻചാണ്ടിയുടെ പേരിൽ പണം ഒടുക്കി പച്ചപ്പട്ട് വാങ്ങി കബറിടത്തിൽ ചാർത്തുകയും ചെയ്തു. കഴിഞ്ഞ ജനുവരി 11ന് വീട്ടില് കുഴഞ്ഞുവീണാണ് ഷാജി ഉടുമ്പാക്കല് മരിച്ചത്. ഷാജിയുടെ കബറടക്കത്തിന് നേതൃത്വ നൽകിയത് ചാണ്ടി ഉമ്മനായിരുന്നു. കൂടാതെ, കുടുംബാംഗങ്ങളെ കാണാനും ആശ്വസിപ്പിക്കാനും ഉമ്മൻചാണ്ടിയും എത്തിയിരുന്നു.