​ഓൺലൈനിൽ ബുക്ക് ചെയ്താൽ മദ്യം വീട്ടിൽ‌; അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടില്ലെന്ന് സർക്കാർഓൺലൈനിൽ ബുക്ക് ചെയ്താൽ മദ്യം വീട്ടിലെത്തിക്കുന്ന സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഇപ്പോൾ അത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അതെല്ലാം സർക്കാർ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ബെവ്ക്യു ആപ്പിന്റെ കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. ബെവ്കോ എംഡി യോഗേഷ് ഗുപ്തയുടെ ഇതു സംബന്ധിച്ച പ്രതികരണങ്ങളിൽ സർക്കാർ അതൃപ്തി അറിയിച്ചു. സർക്കാർ നിർദേശങ്ങൾ മറികടന്ന് എംഡി തീരുമാനമെടുക്കുന്നതിനെതിരെ നേരത്തെയും വിമർശനം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരാൻ 5 ദിവസം മാത്രം ശേഷിക്കേ, ഓൺലൈൻ മദ്യവിതരണത്തിന് അനുമതി നൽകാൻ സാധ്യതയില്ലെന്ന് എക്സൈസ് വകുപ്പും വ്യക്തമാക്കി. ഓൺലൈൻ മദ്യവിതരണത്തിന് ഒന്നര വർഷം മുൻപ് സർക്കാരിനു മുന്നിൽ അപേക്ഷ എത്തിയിരുന്നെങ്കിലും തീരുമാനമെടുത്തിരുന്നില്ല. പിന്നീട് കൊവിഡ് വ്യാപിച്ചതോടെ തിരക്കു കുറയ്ക്കാൻ ബെവ്ക്യു ആപ്പ് ഏർപ്പെടുത്തി.

ഇതിനായി ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവന്നു. നിയമപ്രകാരം കുപ്പികളിൽ മദ്യം വിൽക്കാൻ ബീവറേജസ് ഷോപ്പുകൾക്കു മാത്രമേ അനുമതിയുള്ളൂ. തിരക്കു നിയന്ത്രിക്കാൻ ബാറുകളിൽ കൗണ്ടറുകൾ സ്ഥാപിച്ചതോടെ അതിനും ഭേദഗതി വേണ്ടിവന്നു. ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യണമെങ്കിൽ കേരള വിദേശമദ്യ ചട്ടങ്ങളിൽ ഭേദഗതി വരുത്തണം. ഇതോടൊപ്പം അബ്കാരി ഷോപ്പ് ഡിസ്പോസൽ റൂളിലും ഭേദഗതി വേണം. ഒരാളുടെ കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് 3 ലീറ്ററാണ്. ഓൺലൈൻ വഴി വിതരണം ചെയ്യാൻ തീരുമാനിച്ചാൽ വിതരണം നടത്തുന്ന കമ്പനിയുടെ ജീവനക്കാരന് ഇതിൽ കൂടുതൽ അളവ് മദ്യം കൈവശം വെയ്ക്കേണ്ടിവരും. ഇതിനായി ഭേദഗതി കൊണ്ടുവരണം. ബെവ്കോ എംഡിയുടെ മുന്നിൽ ഒരു കമ്പനിയുടെ അപേക്ഷ എത്തിയാൽ അത് എക്സൈസ് കമ്മിഷണർക്കു കൈമാറും. കമ്മിഷണർ കാര്യങ്ങൾ വിശദമാക്കി എക്സൈസ് മന്ത്രിക്കു ശുപാർശ സമർപ്പിക്കും. ചട്ടത്തിലാണ് ഭേദഗതി വരുത്തേണ്ടതെങ്കിൽ മന്ത്രിതലത്തിൽ തീരുമാനമെടുക്കാനാകും. മദ്യത്തിന്റെ വിഷയമായതിനാൽ സാധാരണ മന്ത്രിസഭായോഗത്തിലാണു തീരുമാനമെടുക്കുക. അബ്കാരി ആക്ടിൽ ഭേദഗതി വേണമെങ്കിൽ മന്ത്രിസഭായോഗം ചേർന്ന് ഓർഡിനൻസ് പുറത്തിറക്കണം.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക