ഞങ്ങളെ സഹായിച്ചവരെ തിരിച്ചു ഞങ്ങളും സഹായിക്കും; ഇന്ത്യക്ക് എല്ലാവിധ സഹായങ്ങളും ഉറപ്പുനല്‍കി അമേരിക്ക വാഷിങ്ടൺ: കോവിഡ് പ്രതിരോധത്തിൽ ഇന്ത്യക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക. ഇക്കാര്യം വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും ട്വീറ്റ് ചെയ്തു. "മഹാമാരിയുടെ ആദ്യകാലത്ത് ഞങ്ങളുടെ ആശുപത്രികൾ ബുദ്ധിമുട്ടിലായപ്പോൾ ഇന്ത്യ അമേരിക്കയ്ക്ക് സഹായം എത്തിച്ചിരുന്നു. അതുപോലെ ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് സഹായം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" ജോ ബൈഡൻ ട്വീറ്റിൽ വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിന് ഇന്ത്യക്കൊപ്പം അമേരിക്കയും യോജിച്ച് പ്രവർത്തിക്കുമെന്ന് കമലാ ഹാരിസ് പറഞ്ഞു. സഹായം നൽകുന്നതിനൊപ്പം ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി പ്രാർഥിക്കുമെന്നും കമല കൂട്ടിച്ചേർത്തു. ഇന്ത്യയിൽ കോവിഡ് രണ്ടാംതരംഗം രൂക്ഷമായതിനു പിന്നാലെ ഇതാദ്യമായാണ് അമേരിക്കയുടെ ഉന്നത രാഷ്ട്രീയ നേതൃത്വം വിഷയത്തിൽ പ്രതികരണം നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയെ സഹായിക്കാൻ വൈകുന്നതിൽ ഡെമോക്രാറ്റിക് പാർട്ടി ഉന്നത നേതാക്കളിൽനിന്നടക്കം ബൈഡനും കമലയ്ക്കും വിമർശനം നേരിടേണ്ടിയും വന്നിരുന്നു.

ഞായറാഴ്ച അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി അഡൈ്വസർ ജെയ്ക്ക് സള്ളിവൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയിരുന്നു. മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും അമേരിക്ക അടിയന്തരമായി ഇന്ത്യയിലേക്ക് അയക്കുമെന്ന് ചർച്ചയിൽ സള്ളിവൻ വ്യക്തമാക്കി. ബൈഡൻ സർക്കാരിന്റെ ഈ നീക്കത്തിന് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ ഭാഗത്തുനിന്ന് അഭിനനന്ദനവും ലഭിച്ചിരുന്നു.

കോവിഡിനെതിരായുള്ള പോരാട്ടത്തിൽ ഇന്ത്യക്ക് കൂടുതൽ സഹായം നൽകുമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അധികമുള്ള കോവിഡ് വാക്സിൻ ഡോസുകളും മറ്റ് ചികിത്സാവസ്തുക്കളും ഇന്ത്യയടക്കം അടിയന്തര ആവശ്യം നേരിടുന്ന രാജ്യങ്ങൾക്കു വിതരണംചെയ്യാൻ ബൈഡൻ ഭരണകൂടത്തിനു മേൽ സമ്മർദം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ബ്ലിങ്കെന്റെ പ്രഖ്യാപനം. ഇന്ത്യയിലെ ജനങ്ങൾക്കും കോവിഡ് മുന്നണി പോരാളികൾക്കും നിലവിലെ സാഹചര്യത്തെ അഭിമുഖീകരിക്കാനാവശ്യമായ എല്ലാ സഹായവും ഉടനെ എത്തിക്കും. ഇന്ത്യയിലെ ഭരണാധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ബ്ലിങ്കെൻ പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക