​ഊണും ഉറക്കവുമില്ല...ഇൻഷുറൻസ് പരിരക്ഷയുമില്ല; കൊവിഡ് ഡ്യൂട്ടിയിൽ വലഞ്ഞ് കേരള പൊലീസ്



രോഗ വ്യാപനം അതിരൂക്ഷമാകുന്ന സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിയിൽ വലഞ്ഞ് കേരള പൊലീസും. 
ഊണും ഉറക്കവും മറന്ന് ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാതെ തെരുവിലും ക‍ണ്ടെയ്ൻമെന്റ് സോണുകളിലും രാപകൽ കാവൽ നിൽക്കുകയാണ് ഈ നിയമപാലകർ. കൊവിഡ് ഡ്യൂട്ടിയിൽ നടുവൊടിഞ്ഞ് നിൽക്കുകയാണ് കേരള പൊലീസ് സേനാംഗങ്ങൾ. പൊലീസ് സ്റ്റേഷനുകളിലും ക്യാംപുകളിലും കൊവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുമ്പോൾ, അമിത ജോലി ഭാരത്താൽ ഇവരിൽ പലരും കടുത്ത മാനസിക സമ്മർദത്തിലാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് പൊലീസ് സ്റ്റേഷനുകളിലെ 90% പേരും കൊവിഡ് പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി നിയോ‍ഗിക്കപ്പെട്ടതോടെ സേനാംഗങ്ങൾക്ക് അമിത ജോലിഭാരമായി. ഇട‍വേളയില്ലാത്ത തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പുറമേ, കൊവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതും അനുബന്ധ ഡ്യൂട്ടി‍കളും ഉദ്യോഗസ്ഥരെ കടുത്ത മാനസിക സമ്മർ‍ദത്തിലാക്കി. പൊലീസുകാർക്കിടയിൽ കൊവിഡ് റിപ്പോർ‍ട്ട് ചെയ്യുന്ന സംഭവങ്ങളും വർധിച്ചു.

സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും പൊലീസുകാർക്കു കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നുണ്ട്. എന്നാൽ, അടുത്ത സമ്പ‍ർക്കമുണ്ടെങ്കിലും സഹപ്ര‍വർത്തകർ ക്വാറന്റീനിൽ പോകാൻ കഴിയാതെ ഡ്യൂട്ടി ചെയ്യാൻ നിർബന്ധി‍തരാകേണ്ട സാഹചര്യമാണ്. രണ്ടാം തരംഗം രൂക്ഷമായതോടെ, സ്റ്റേഷനുകളിലെ ജി‍ഡി ചാർജ്(ജനറൽ ഡ്യൂട്ടി)ഉള്ള 2 ഉദ്യോഗസ്ഥരും പാറാവ് ഡ്യൂട്ടി ചെയ്യുന്ന 3 പേരും ഒഴി‍കെയുള്ളവർ കൊവിഡ് പ്രതിരോധ – ബോധവ‍ൽക്കരണത്തിൽ ഏർ‍പ്പെടണമെന്നാണ് ഡിജിപിയുടെ നിർദേശം. 35,000 സേനാംഗങ്ങൾ ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃ‍തരാണ്. രണ്ടാം ഡോസ് വാക്സീനെടുത്ത പല ഉദ്യോഗസ്ഥരും വീണ്ടും കൊവിഡ് പോസിറ്റീവായ ഒട്ടേറെ സംഭവങ്ങളുമുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് പൊലീസ് അക്കാദ‍മിയിലെയും ട്രെയിനിങ് കോളജിലെയും പൊലീസ് പരിശീലനവും നിർത്തി വച്ചിരിക്കുകയാണ്. കൊവിഡിന്റെ ആദ്യ നാളുകളിൽ 10,000ത്തിൽപ്പരം ഉദ്യോഗസ്ഥർക്കാണ് രോഗം ബാധിച്ചത്.

കൊവിഡ് ബാധിച്ചാൽ അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരെ ക്വാറന്റീനിൽ പോകാൻ നിർദേശിക്കണമെന്ന പ്രോട്ടോ‍കോൾ പലപ്പോഴും പൊലീസ് സ്റ്റേഷനുകളിൽ പാലിക്കപ്പെടാറില്ല. ആളില്ലാത്ത സ്ഥിതി ഒഴിവാക്കാൻ പലപ്പോഴും ക്വാറന്റീൻ അനുവദിക്കാ‍റുമില്ല. രണ്ടാം ഡോസ് വാക്സീനെടുക്കാത്തവർ ഇൗ മാസം 30‍നുള്ളിൽ എടുക്കണമെന്നാണ് ഡിജിപിയുടെ നിർദേശം. കൊവിഡ് ഡ്യൂട്ടിക്കു പുറമേ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സുരക്ഷാ ദൗത്യവും പൊലീസുകാരെ കാത്തിരിക്കുകയാണ്.കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഷിഫ്റ്റ് സംവിധാനം ഏർപ്പെടുത്തണമെന്നും ജോലി ഭാരം കുറയ്ക്കണമെന്നും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും സേനയ്ക്കുള്ളിൽനിന്നു ആവശ്യം ഉയർന്നിട്ടുണ്ട്. കൊവിഡ് വ്യാപനം തടയുന്നതിന്, ജീവൻ പണയപ്പെടുത്തി രാപകൽ ജോലി ചെയ്യുന്ന പൊലീസ് സേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി കൂടുതൽ ആനുകൂല്യം നൽകണമെന്ന ആവശ്യവും ശക്തമാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക