വിവാഹദിവസം കാണാതായ വരന്‍ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

പൂച്ചാക്കൽ: വിവാഹദിവസം വരനെ കാണാതായതിനെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ വരൻ, മോഷ്ടിച്ച ബൈക്കുമായി പിടിയിലായി. പൂച്ചാക്കൽ ചിറയിൽ ജെസിമിനെ(28)യാണ് ഇടുക്കി ജില്ലയിലെ രാജകുമാരിയിൽനിന്ന് പോലീസ് പിടികൂടിയത്.

കഴിഞ്ഞ മാർച്ച് 21-നായിരുന്നു ജെസിമും വടുതല സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. എന്നാൽ, വിവാഹദിവസം രാവിലെ വരനെ കാണാതാവുകയായിരുന്നു. തുടർന്ന് വിവാഹം മുടങ്ങി.

തന്നെയാരോ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ചുള്ള ശബ്ദസന്ദേശം ജെസിം കൂട്ടുകാർക്ക് അയച്ചിരുന്നു. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ മരിക്കുകയും ചെയ്തു.

ജെസിമിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ പൂച്ചാക്കൽ പോലീസ് കേസെടുത്തിരുന്നു. ഇയാൾ കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, ഇടുക്കി, ആലുവ, പെരുമ്പാവൂർ, തമിഴ്നാട്ടിലെ കമ്പം, മധുര, പൊള്ളാച്ചി, തൃച്ചി, കോയമ്പത്തൂർ, ഊട്ടി, കർണാടകയിലെ മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചതായി പോലീസ് കണ്ടെത്തി. പിടിക്കാതിരിക്കാൻ നാലു തവണ ഫോണും സിംകാർഡും മാറ്റി.

വിവാഹത്തിനു താത്‌പര്യമില്ലാത്തതു കൊണ്ടാണ് കടന്നുകളഞ്ഞതെന്നും തട്ടിക്കൊണ്ടുപോയി എന്ന ശബ്ദസന്ദേശമിട്ടത് പോലീസിനെ കബളിപ്പിക്കാനാണെന്നും ഇയാൾ മൊഴി നൽകി. തൃപ്പൂണിത്തുറ, കണ്ണൂർ, തിരുവല്ല എന്നിവിടങ്ങളിൽനിന്നു പ്രതി ബൈക്കുകൾ മോഷ്ടിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

എസ്.പി. ജയ്ദേവിന്റെ നിർദേശപ്രകാരം ചേർത്തല ഡിവൈ.എസ്.പി. വിനോദ് പിള്ളയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു. അന്വേഷണ സംഘത്തിൽ പൂച്ചാക്കൽ ഇൻസ്പെക്ടർ അജി ജി. നാഥ്, എസ്.ഐ. സജീവ്, എ.എസ്.ഐ. വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ നിസാർ, സിവിൽ പോലീസ് ഓഫീസർമാരായ ആനന്തകൃഷ്ണൻ, അഖിൽ, അനുരാഗ്, ബിജോയ് എന്നിവർ ഉൾപ്പെട്ടിരുന്നു. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക