ബന്ധുവിന്റെ കൊടുംചതി, ഹണിമൂണിന് പോയ ദമ്പതിമാര്‍ ഖത്തറില്‍ ജയിലിലായി; ഒന്നരവര്‍ഷത്തിന് ശേഷം മോചനം


 

മുംബൈ:  മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതിമാര്‍ ജയില്‍മോചിതരായി നാട്ടിലെത്തി. മുംബൈ സ്വദേശി ഷെരീഖ് ഖുറേഷി, ഭാര്യ ഒനീബ എന്നിവരും മകള്‍ ആയാത്തുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ദമ്പതിമാരും ഒരു വയസ്സുള്ള മകളും മുംബൈ വിമാനത്താവളത്തില്‍ എത്തിയതെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 


2019 ജൂലായിലാണ് ഷെരീഖ് ഖുറേഷി, ഭാര്യ ഒനീബ ഖുറേഷി എന്നിവര്‍ മയക്കുമരുന്ന് കേസില്‍ ഖത്തറില്‍ പിടിയിലായത്. ഹണിമൂണിനായി ഖത്തറിലെത്തിയ ദമ്പതിമാരുടെ ബാഗില്‍നിന്നും 4.1 കിലോഗ്രാം ഹാഷിഷ് പിടികൂടിയിരുന്നു. ഇതോടെയാണ് ഖത്തറിലേക്ക് ഹണിമൂണിന് പോകാന്‍ നിര്‍ബന്ധിച്ച ബന്ധുവിന്റെ ചതി ദമ്പതിമാര്‍ക്ക് മനസിലായത്. 


ബന്ധുവായ തബ്‌സും ഖുറേഷിയുടെ നിര്‍ബന്ധപ്രകാരമാണ് ഷെരീഖും ഗര്‍ഭിണിയായിരുന്ന ഒനീബയും ഖത്തറിലേക്ക് യാത്രതിരിച്ചത്. ഖത്തറിലുള്ള സുഹൃത്തിന് നല്‍കാന്‍ ഒരു പാക്കറ്റും ബന്ധു ഇവരെ ഏല്‍പ്പിച്ചിരുന്നു. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ഈ പാക്കറ്റില്‍ ഹാഷിഷ് ആണെന്ന് കണ്ടെത്തുകയും ദമ്പതിമാരെ പിടികൂടുകയുമായിരുന്നു. മയക്കുമരുന്ന് കേസില്‍ ഖത്തറിലെ കോടതി ഇരുവരെയും 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 


ഇതിനിടെ, ഗര്‍ഭിണിയായിരുന്ന ഒനീബ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ ജയിലില്‍വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ചതിയില്‍പ്പെട്ട് ഖത്തറിലെ ജയിലിലായതോടെ ഒനീബയുടെ മാതാവ് ഉള്‍പ്പെടെയുള്ളവര്‍ ദമ്പതിമാരുടെ മോചനത്തിനായി പരിശ്രമിക്കുകയായിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി എന്നിവരുടെ ഇടപെടലും നിയമപോരാട്ടത്തിന് സഹായകമായി. തുടര്‍ന്നാണ് ദമ്പതിമാരുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തറിലെ സുപ്രീംകോടതി തീരുമാനിച്ചത്. ദമ്പതിമാര്‍ ചതിക്കപ്പെട്ടതാണെന്ന് ബോധ്യമായതോടെ ഇരുവരെയും വിട്ടയക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക