’മരണത്തിരക്കിൽ’ വീർപ്പുമുട്ടി ശ്മശാനങ്ങൾകോവിഡ് മരണങ്ങൾ പെരുകിയതോടെ രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഡൽഹി, ലഖ്നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ‌ ദിവസം 15-20 മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന ശ്മശാനങ്ങളിൽ നൂറിലധികം മൃതദേഹങ്ങളാണ് എത്തുന്നത്. ഇതിനെ നേരിടാൻ മിക്ക ശ്മശാനങ്ങളും ഇടവേളകളിലാതെയാണ് പ്രവർത്തിക്കുന്നത്. ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങൾക്കു പുറമേ മിക്കയിടങ്ങളിലും വിറകുപയോഗിച്ചും ദഹിപ്പിച്ചുതുടങ്ങി. പെട്രോളും മണ്ണെണ്ണയുമൊക്കെ മൃതദേഹങ്ങൾ വേഗം കത്തിക്കാനായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത് പരിസരവാസികൾക്ക് അസൗകര്യവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നതായി പരാതിക്കിടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നൂറിലേറെയാണ് ഡൽഹിയിലെ കോവിഡ് മരണങ്ങൾ. മരണങ്ങൾ പത്തിരട്ടികൂടി. തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടിൽ ദിവസവും സംസ്കരിക്കപ്പെടുന്നത് നൂറിലേറെ മൃതദേഹങ്ങൾ. ഇതിൽ മുപ്പതിലേറെ കോവിഡ് മൃതദേഹങ്ങളാണെന്ന് ശ്മശാനം നടത്തിപ്പുകാരനായ അവധേഷ് ശർമ പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ ദിവസവും മൂന്നോ നാലോ മൃതദേഹങ്ങളായിരുന്നു. ഏപ്രിൽ ആറുമുതൽ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി വർധിച്ചു. ഏപ്രിൽ 12-ന് 24 കോവിഡ് മൃതദേഹങ്ങൾ സംസ്കരിച്ചു. ഏപ്രിൽ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. ഓരോ ദിവസവും ഇതുതന്നെയാണ് സ്ഥിതി.- അവധേഷ് വിവരിച്ചു.

വടക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലാണ് നിഗംബോധ് ഘാട്ട് ശ്മശാനം. നഗരമധ്യത്തിലെ ഐ.ടി.ഒ.യിലുള്ള മുസ്‌ലിം കബറിസ്താനിലും മൃതദേഹങ്ങൾ കൂടിവരുന്നു. ഏപ്രിൽ 12-ന് 25 മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തിയെന്ന് നടത്തിപ്പുകാരനായ ജാവീദ് അഹ്ലായ് പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മൃതദേഹങ്ങളുമായി എത്തുന്ന ആളുകളുടെ നീണ്ടവരിയാണ് ഗുജറാത്തിലെ ശ്മശാനങ്ങളിൽ. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലാണ് സ്ഥിതിരൂക്ഷം. മധ്യപ്രദേശിലെ ഭോപാലിൽമാത്രം 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. 1984-ലെ ഭോപാൽ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങൾ നിറയുന്നത് ആദ്യമായാണെന്നും ശ്മശാനം നടത്തിപ്പുകാരൻ പ്രദീപ് കനോജ പറഞ്ഞു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലും സ്ഥിതി രൂക്ഷമാണ്. 70-80 മൃതദേഹങ്ങളാണ് ഇവിടെ കോവിഡ് ശ്മശാനത്തിൽ എത്തുന്നത്. 7-8 മൃതദേഹങ്ങൾ വന്നിരുന്നതിൽനിന്നാണ് ഈ വർധന. ഈ സാഹചര്യത്തിൽ ലഖ്‌നൗവിൽ പുതുതായി അഞ്ച് വൈദ്യുതിശ്മശാനങ്ങൾ ഉടൻ തുറക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക