'പൊട്ടാനുള്ള ബോംബില്‍ ഒന്നിതാണെങ്കില്‍ അതും ചീറ്റിപ്പോകും': ചെന്നിത്തലക്കെതിരേ തുറന്നടിച്ച് മുഖ്യമന്ത്രി


കോഴിക്കോട്: ലോഡ്ഡ്‌ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ് പ്രതിപക്ഷ നേതാവിനെന്നും അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് കെഎസ്ഇബിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതുവഴി അദാനിക്ക് ആയിരം കോടി രൂപയുടെ ലാഭമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

"വൈദ്യുതി വകുപ്പില്‍ സ്വകാര്യവത്കരണം ഞങ്ങളല്ല കോണ്‍ഗ്രസ്സാണ് തുടങ്ങിവെച്ചത്. അത് ബിെജപി സർക്കാർ തുടരുകയാണ്. ലോഡ്ഡ്‌ഷെഡ്ഡിങ് ഒരിക്കല്‍ പോലുമുണ്ടാവാത്ത അഞ്ച് വര്‍ഷത്തെ ഓര്‍ത്ത് അസൂയയാണ്. അതിന് വൈദ്യുതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇത്തരം കാര്യങ്ങളാണോ ചെയ്യേണ്ടത്", മുഖ്യമന്ത്രി ചോദിച്ചു. 

നേരത്തെ കരുതിയ ബോംബില്‍ ഒന്നിതാണെങ്കില്‍ അതും ചീറ്റിപ്പോകുമെന്നും ചെന്നിത്തലയെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു.

പ്രളയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയർത്തിയ ആരോപണങ്ങൾക്കും മുഖ്യമന്ത്രി അഭിപ്രായം രേഖപ്പെടുത്തി.

"പ്രളയവുമായി ബന്ധപ്പെട്ട് ജലകമ്മീഷന്റെയും മദ്രാസ് ഐഐടിയുടെയും പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടുകളും വെള്ളപ്പൊക്കത്തിന് കാരണമായത് അതി തീവ്ര മഴയാണെന്നും ഫലപ്രദമായ ഡാം മാനേജ്‌മെന്റ മൂലം പ്രളയത്തില്‍ ആഘാതത്തില്‍ കറവ് വന്നെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഐഐടി റിപ്പോര്‍ട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ കറന്റ് സയന്‍സില്‍ പ്രസിദ്ധപ്പെടുത്തിയതുമാണ്. ആധികാരികമായ പഠനം നടന്നു കഴിഞ്ഞ വിഷയമാണ്". ആ പഠനത്തെ കുറിച്ചൊന്നും പരാമര്‍ശിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഇപ്പോഴത്തെ പഠനം വരുന്നത് തീര്‍ത്തും സംശയകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ പുതിയ വിഷയങ്ങൾ ഉയർത്തി പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക