ആശങ്ക ഉയർത്തി രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ റെക്കോർഡ് വർധനവ്; രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് 1,68,912 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആഗോള തലത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.

കോവിഡ് അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
കണക്കുകൾ അനുസരിച്ച് ഇന്ത്യയില്‍ ഇതുവരെ ആകെ 1,35,27,71 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചരിക്കുന്നത്. വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ബ്രസീലിൽ 13,482,543 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അമേരിക്കയില്‍ 31,918,591 പേർക്കും.

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകളിൽ റെക്കോഡ് വർധനവാണ് രേഖപ്പെടുത്തുന്നത്. പ്രതിദിനം ഒരുലക്ഷത്തിലധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മരണനിരക്ക് കൂടുന്നതും രോഗമുക്തി നിരക്ക് കുറയുന്നതും ആശങ്ക ഉയർത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 1,21,56,529 പേരാണ് കോവിഡ് മുക്തി നേടിയിട്ടുള്ളത്. നിലവിൽ ആക്ടീവ് കേസുകൾ 12,01,009 ആണ്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ സ്ഥിരീകരിച്ച 904 മരണങ്ങൾ ഉൾപ്പെടെ ഇതുവരെ 1,70,179 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനൊന്ന് ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 11,80,136 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ഇരുപത്തിയഞ്ച് കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ ദൗത്യങ്ങളിലൊന്നാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്.ഔദ്യോഗിക കണക്കുകൾ അനുസരിച്ച് പത്തുകോടിയിലധികം ആളുകൾ ഇതുവരെ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തിൽ ജനിതകമാറ്റം വന്ന വൈറസ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലവിലെ കോവിഡ് വാക്സിൻ ഫലപ്രാപ്തി സംബന്ധിച്ച് സംശയം ഉയർന്നിട്ടുണ്ട്. രണ്ട് ഡോസുകൾ സ്വീകരിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ച് മരിച്ച സാഹചര്യം ചൂണ്ടിക്കാട്ടി പുതിയ വൈറസിനെ നേരിടാൻ വാക്സിൻ ഫലപ്രദമാണോയെന്ന സംശയം ഗുജറാത്ത് ഹൈക്കോടതിയാണ് ഉന്നയിച്ചത്.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക്ഡൗൺ അടക്കമുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പലയിടത്തും രാത്രി കർഫ്യു അടക്കം കർശന നിയന്ത്രണങ്ങൾ നിലവിലുണ്ട്. രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. പ്രതിദിന കോവിഡ് കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്യപ്പെടുന്നതും ഇവിടെ നിന്നു തന്നെയാണ്.

രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ആ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗൺ എന്ന മാർഗം മാത്രമാണ് മുന്നിലുള്ളതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ എതിർപ്പ് മൂലം തീരുമാനം വൈകുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ സാധ്യത അധികൃതര്‍ തള്ളിക്കളയുന്നുമില്ല

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.