തിരുവനന്തപുരം: ദേശീയപാതയില്‍ പള്ളിപ്പുറത്ത് ആഭരണ വ്യാപാരിയെ ആക്രമിച്ച് നൂറ് പവന് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കവര്‍ച്ചാസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകളുടെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതേസമയം, പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തില്‍ ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.
കവര്‍ച്ചാസംഘം രണ്ട് കാറുകളിലായി വന്നു എന്നാണ് കവര്‍ച്ചയ്ക്കിരയായവരുടെ മൊഴി. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തുനിന്നായി കവര്‍ച്ചാസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന രണ്ട് കാറുകളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതിലൊരു കാറിന്റെ നമ്പറും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ഇത് യഥാര്‍ഥ നമ്പര്‍ തന്നെയാണോ എന്നും കാറില്‍ സഞ്ചരിച്ചത് പ്രതികളാണോ എന്നുമുള്ള കാര്യങ്ങള്‍ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം വച്ചാണ് ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി സ്വര്‍ണം കവര്‍ന്നത്. സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ജൂവലറികള്‍ക്കു നല്കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും ബന്ധു ലക്ഷ്മണനെയുമാണ് ആക്രമിച്ചത്.
നെയ്യാറ്റിന്‍കര ഭാഗത്തുനിന്നുമാണ് സമ്പത്ത് എത്തിയത്. ഇവരെ പിന്തുടര്ന്ന് കാറിലെത്തിയതാണ് അക്രമിസംഘം. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വര്‍ണം തട്ടിയെടുത്തുവെന്നാണ് കേസ്.
നാലു മാസം മുമ്പ് തക്കലയില്‍ വച്ച് സമാനമായ രീതിയില്‍ സമ്പത്തിനെ ആക്രമിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പോലീസ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെയും വിശദമായി ചോദ്യംചെയ്തുവരികയാണ്. അതിനിടെ, പള്ളിപ്പുറത്ത് സ്വര്‍ണക്കവര്‍ച്ചയില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ രേഖാച്ചിത്രങ്ങള് പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.