ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മകനും ശബരിമല ദര്‍ശനം നടത്തി


പത്തനംതിട്ട: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദര്‍ശനം നടത്തി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടിയാണ് ഗവര്‍ണര്‍ ശബരീശനെ കാണാന്‍ സന്നിധാനത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം 4.18ന് പമ്ബയില്‍ എത്തിയ ഗവര്‍ണര്‍ അല്‍പം വിശ്രമത്തിനു ശേഷം 5.10 ന് പമ്ബയില്‍ നിന്ന് ഇളയമകന്‍ കബീര്‍ മുഹമ്മദ് ഖാനോടൊപ്പം ഇരുമുടി നിറച്ചു. തുടര്‍ന്ന് ഇരുമുടിക്കെട്ടുമേന്തിയാണ് മല ചവിട്ടിയത്. സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണ് ഇവര്‍ ശബരീശ ദര്‍ശനത്തിനെത്തിയത്.


വഴിയില്‍ മലയിറങ്ങിവന്ന അയ്യപ്പന്മാരോട് കുശലാന്വേഷണം നടത്തിയും ഫോട്ടോ എടുത്തുമാണ് ഗവര്‍ണര്‍ മല ചവിട്ടിയത്. 6.35 ന് മരക്കൂട്ടത്ത് എത്തിയ ഗവര്‍ണര്‍ 7.18ന് വലിയ നടപ്പന്തലിലെത്തി. ദര്‍ശനത്തിനെത്തിയ ഗവര്‍ണറെ വലിയ നടപ്പന്തലിനു മുന്നില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചു.പടിപൂജയ്ക്ക് ശേഷം 8.17 ന് ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി കലിയുഗവരദ ദര്‍ശനം നടത്തി. എല്ലാ നടകളിലും ദര്‍ശനം നടത്തിയ ശേഷം അയ്യപ്പ സന്നിധിയില്‍ ഹരിവരാസനം കേള്‍ക്കുന്നതിനായി മടങ്ങി എത്തി. 8.52ന് ആരംഭിച്ച ഹരിവരാസനം ചൊല്ലി നട അടച്ച ശേഷമാണ് ഗവര്‍ണര്‍ ഗസ്റ്റ്ഹൗസിലേക്കു മടങ്ങിയത്.
ഗവര്‍ണര്‍ നാളെ രാവിലെയും ദര്‍ശനം നടത്തും. ശേഷം മാളികപ്പുറം ക്ഷേത്രപരിസരത്ത് ഗവര്‍ണര്‍ ചന്ദന തൈ നടും. പിന്നീട് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷം തിരികെ മടങ്ങും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.