കോവിഡ് മഹാമാറിയുടെ ആശങ്കകൾ ഒഴിയാതെ പിൻതുടരുമ്പോഴും മറ്റൊരു വിഷുക്കാലത്തെ പ്രത്യാശയോടെ വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ. കണിവെള്ളരിയും കൃഷ്ണവിഗ്രഹവും കണിക്കൊന്നയും കണികൊണ്ട് ഐശ്വര്യസമൃദ്ധമായൊരു വർഷത്തിലേക്ക് കൺതുറക്കാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്.
കാർഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു മേടം ഒന്നാം തീയതിയാണ് ആഘോഷിക്കുന്നത്. ഇത്തവണ ഏപ്രിൽ 14 നാണ് വിഷു.
വിഷുവുമായി ബന്ധപ്പെട്ട നിരവധിയേറെ ആചാരങ്ങൾ നമുക്കുണ്ട്. വിഷുക്കണിയാണ് ആചാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. വിഷു ദിവസത്തെ ഐശ്വര്യം നിറഞ്ഞ ആദ്യക്കാഴ്ച കണിയാവണമെന്നാണ് ആചാരം. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ. കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് വിശ്വാസം. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനുളള ചുമതല.
വിഷു കണിയെ ആശ്രയിച്ചാണ് ഒരുവർഷത്തെ ഫലം എന്ന വിശ്വാസവും വിഷുവിനെ സംബന്ധിച്ചിട്ടുണ്ട്. വിഷുകൈനീട്ടം, വിഷുസദ്യ, വിഷുക്കളി, വിഷുഫലം തുടങ്ങിയ വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരവധിയാണ്.
നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയത് രാവണന് ഇഷ്ടപ്പെട്ടില്ല. അതിനാൽ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന് സമ്മതിച്ചില്ലെന്നും രാവണനെ രാമന് വധിച്ചശേഷമാണ് സൂര്യന് നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസവുമുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും സാമൂഹിക അകലം പാലിച്ചും സ്വയം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചും വിഷു ആഘോഷിക്കുക. എല്ലാവർക്കും റിപ്പബ്ലിക്ക് ഡെയ്ലി ന്യൂസിന്റെ ഹൃദയം നിറഞ്ഞ ഒരായിരം വിഷു ദിനാശംസകൾ.