കണ്ണൂരിൽ വനിതാ ബാങ്ക് മാനേജർ ബാങ്കിനകത്ത് ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു


കണ്ണൂർ: കാനറാ ബാങ്ക് ഉദ്യോഗസ്ഥ ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആത്മഹത്യ ചെയ്യാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു.

തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്. ജീവനക്കാരി ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കാനറാ ബാങ്ക് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കാനറാ ബാങ്ക് റീജിയണല്‍ മാനേജറും റിപ്പോര്‍ട്ട് നല്‍കണം.

സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി കണ്‍വീനര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ബാങ്കുകള്‍ ജീവനക്കാരുടെ മേല്‍ നടത്തുന്ന അമിത സമ്മര്‍ദ്ദത്തിനെതിരെ കല്‍പ്പറ്റയില്‍ അഭിഭാഷകനായ എ. ജെ. ആന്റണിയും കമ്മീഷന് പരാതി നല്‍കിയിരുന്നു. ജീവനക്കാരെ വന്‍തോതില്‍ വെട്ടിക്കുറച്ച ശേഷമാണ് നിലവിലുള്ള ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കി ബാങ്കുകള്‍ ലാഭം കൊയ്യുന്നതെന്നാണ് പരാതി. മൂന്ന് മാസം മുമ്പ് ഗുരുവായൂരിലും എട്ടുമാസം മുമ്പ് പാലക്കാട്ടും ബാങ്ക് ജീവനക്കാര്‍ ജീവനൊടുക്കിയിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.