മലപ്പുറം: കൂത്തുപറമ്പ് പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍. ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണോ സി.പി.എം മനുഷ്യരാവണമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതെന്ന് ഫേസ്ബുക്കില്‍ മുനവ്വറലി തങ്ങള്‍ ചോദിക്കുന്നു. ഈ അരുംകൊല രാഷ്ട്രീയം മാപ്പര്‍ഹിക്കാത്തതാണ്. കൊലപാതകം ആവര്‍ത്തിക്കില്ലെന്ന് തീരുമാനിക്കാന്‍ സി.പി.എമ്മിന് എന്തുകൊണ്ട് കഴിയുന്നില്ല. ആശയങ്ങളോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവര്‍ ആളുകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം സ്വീകരിക്കുകയാണെന്നും മുനവ്വറലി തങ്ങള്‍ വിമർശിക്കുന്നു
കൊല്ലപ്പെട്ട മൻസൂറിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു മുനവ്വറലി തങ്ങളുടെ പ്രതികരണം.
മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങിനെ:
പാനൂരില്‍ മന്‍സൂറിന്റെ കുടുംബത്ത സന്ദര്‍ശിച്ചു.
ഈ അറുംകൊല രാഷ്ട്രീയം മാപ്പര്‍ഹിക്കാത്തതാണ്. ആശയങ്ങളോട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്തവര്‍ ആളുകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം സ്വീകരിക്കുകയാണ്. ഒരാള്‍ മരിക്കുമ്പോള്‍ കൂടെ മരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം കൂടിയാണെന്ന് എന്ത് കൊണ്ടാണ് അക്രമം രാഷ്ട്രീയ മാര്‍ഗമായി കൊണ്ടുനടക്കുന്നവര്‍ മറന്നു പോവുന്നത്. ഇനിയും ഇതാവര്ത്തിക്കില്ല എന്ന് നിലപാടെടുക്കാന്‍ എന്ത് കൊണ്ടാണ് സിപിഎം പോലൊരു കക്ഷിക്ക് കഴിയാതെ പോകുന്നത്. ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം നിഷേധിച്ചു കൊണ്ടാണോ മനുഷ്യരാവണം എന്ന മുദ്രാവാക്യം പ്രയോഗത്തില്‍ വരുത്തേണ്ടത്..
കേസിലെ രണ്ടാം പ്രതിയുടെ ആത്മഹത്യ ഉള്‍പ്പെടെ ദുരൂഹതകള്‍ വര്‍ധിക്കുമ്പോള്‍ ഉന്നത തല അന്വേഷണം നടക്കണം,മന്‍സൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം.അതിനായി ജാഗ്രതയോടെ യുഡിഎഫ് നില കൊള്ളും !