പുണ്യങ്ങൾ പെയ്തിറങ്ങുന്ന വിശുദ്ധ റമദാന് തുടക്കം; ഇസ്ലാം വിശ്വാസികൾക്ക് ഇനി വ്രതശുദ്ധിയുടെ രാപ്പകലുകൾ


പ്രാർഥനയുടെയും സമര്‍പ്പണത്തിന്റെയും ദിനങ്ങളുമായി വീണ്ടും ഒരു റമദാന്‍ കാലം കൂടി എത്തി. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ഥനയുടെയും ആത്മ ശുദ്ധീകരണത്തിന്റെയും 30 നാളുകള്‍.

എന്താണ് റമദാന്‍ ?

ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട അഞ്ച് കാര്യങ്ങളിലൊന്നാണ് റമദാനിലെ വ്രതാനുഷ്ഠാനം..ഇസ്ലാമിക് കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിലാണ് വിശ്വാസികൾ നോമ്പ് അനുഷ്ഠിക്കുന്നത്. പ്രവാചകനായ മുഹമ്മദ് നബിക്ക് ഖുറാന്‍ വെളിപ്പെട്ട മാസമായ റമദാന്‍ വിശ്വാസികള്‍ക്ക് പുണ്യ മാസമാണ്. ബദര്‍ യുദ്ധം നടന്നതും ആയിരം മാസത്തേക്കാള്‍ അനുഗ്രഹീതമായ ലൈലത്തുല്‍ ഖദറിന്റെ രാവും റമദാനി ലാണെന്നാണ് വിശ്വാസം.
വ്രതാരംഭം

ചന്ദ്രപ്പിറ കാണുന്നത് അനുസരിച്ചാണ് റമദാന്‍ വ്രതാരംഭത്തിനുള്ള ദിനം കണക്കു കൂട്ടുന്നത്.

നോമ്പ് അനുഷ്ഠാനം

ഒൻപത് വയസ് കഴിഞ്ഞ എല്ലാവരും റമദാന്‍ വ്രതം അനുഷ്ഠിക്കണമെന്നാണ് വിശ്വാസം. രാവിലത്തെ പ്രാര്‍ഥനയ്ക്കുള്ള (സുബ്ഹി) ബാങ്ക് മുഴങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണ പാനീയങ്ങള്‍ പാടില്ല.. സൂര്യോദയത്തിന് മുമ്പ് ആരംഭിക്കുന്ന വ്രതം മഗ് രിബ് (വൈകിട്ടത്തെ പ്രാര്‍ഥന) ബാങ്ക് മുഴങ്ങുന്നതോടെയാണ് അവസാനിപ്പിക്കുന്നത്.

ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല റമദാന്‍ വ്രതം. ആത്മ ശുചീകരണത്തിന്റെ നാളുകള്‍ കൂടിയാണ് വിശ്വാസികള്‍ക്ക്. പുകവലി, മദ്യപനം എന്നിവയും ഇക്കാലയളവില്‍ ഒഴിവാക്കണം. ഇതിന് പുറമെ വ്രതം അനുഷ്ഠിച്ചു കൊണ്ട് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാനോ തിന്മയായ പ്രവൃത്തികള്‍ ചെയ്യാനോ പാടില്ല. മനസും ശരീരവും പൂര്‍ണമായും നന്മയുടെ മാര്‍ഗത്തിലൂടെ സഞ്ചരിക്കേണ്ട ദിനങ്ങള്‍.

റമദാന്‍ ദിനങ്ങളിലെ മറ്റൊരു പ്രത്യേകതയാണ് രാത്രികളിലെ തറാവീഹ് നമസ്‌കാരം സാധാരണ രാത്രികളിലെ ഇഷാഹ് നമസ്‌കാര ശേഷമാണ് തറാവീഹ് നമസ്‌കാരം.

നോമ്പില്‍ ഇളവ് നല്‍കപ്പെട്ടവര്‍

ഇസ്ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് റമദാന്‍ വ്രതാനുഷ്ഠാനമെങ്കിലും ചിലര്‍ക്ക് ഇതില്‍ ഇളവുകളുണ്ട്. പ്രായമായവര്‍, അസുഖ ബാധിതര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് ഇത് നിര്‍ബന്ധമല്ല. സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങളിലും നോമ്പ് എടുക്കേണ്ട ആവശ്യമില്ല. യാത്ര ചെയ്യുന്നവര്‍ക്കും റമദാന്‍ ദിനങ്ങളില്‍ അസുഖ ബാധിതരായവര്‍ക്കും നോമ്പെടുക്കല്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഇത് പിന്നീടൊരിക്കല്‍ എടുത്ത് വീട്ടണം.

എന്തുകൊണ്ട് നോമ്പ് ?

ആത്മാവിലെയും മനസിലെയും അശുദ്ധികള്‍ നീക്കി ശുചീകരിക്കുകയാണ് റമദാന്‍ വ്രതം കൊണ്ട് ഉദ്ദേശിക്കുന്നത്. തെറ്റായാ മാര്‍ഗങ്ങളിലേക്ക് സഞ്ചരിക്കുന്നതില്‍ നിന്ന് മനസിനെ നിയന്ത്രിക്കുന്നതിന് പുറമെ ആത്മനിഷ്ഠ, ത്യാഗം, കഷ്ടപ്പെടുന്നവരെ സഹായിക്കല്‍ എന്നിവയ്ക്കുള്ള സമയം കൂടിയാണിത്.ദാനശീലവും സഹാനുഭൂതിയും വളര്‍ത്തിയെടുക്കാനും ഈ ആത്മസമര്‍പ്പണത്തിന്റെ നാളുകള്‍ സഹായിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ റമദാൻ:

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണയും റമദാനെത്തുന്നത്. ലോകാരോഗ്യ സംഘടനയും ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യയും ഉൾപ്പെടെ നിരവധി ആരോഗ്യ - സാംസ്കാരിക സംഘടനകൾ കൊറോണ സമയത്ത് ആളുകൾ സുരക്ഷിതരായും ആരോഗ്യവാന്മാരായും തുടരാൻ പ്രോട്ടോക്കോളുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

സുഹൂർ (പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണം), ഇഫ്താർ (നോമ്പ് മുറിക്കുമ്പോഴുള്ള ഭക്ഷണം) എന്നിവ നടത്തുന്നതിനായുള്ള ഒത്തുചേരലുകളും മറ്റും ശാരീരിക അകലം പാലിച്ചു കൊണ്ടായിരിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

ഒപ്പം തിരക്കേറിയ സാമുദായിക ചടങ്ങുകൾ ഒഴിവാക്കണമെന്നും മുൻകൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണ പൊതികൾ വിളമ്പുന്നതിന് മുൻഗണന നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. മതപരമായ ദാനധർമ്മ ചടങ്ങായ 'സദഖ' അല്ലെങ്കിൽ സക്കാത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് നൽകാനാണ് നിർദ്ദേശം. കോവിഡ് - 19 വാക്സിനുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും സക്കാത്ത് പണം ഉപയോഗിക്കാമെന്നും ഇന്റർനാഷണൽ ഇസ്ലാമിക് ഫിഖ് അക്കാദമി അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.