തിരുവനന്തപുരം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കുട്ടിയുടെ ബന്ധുവായ യുവാവിനെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമല വില്ലേജിൽ കരിമാൻകോട് ഊരാളിക്കോണം സ്വദേശി വിപിനാണ് (22) പിടിയിലായത്.
പ്രതിയുടെ ബന്ധുവായ പെൺകുട്ടി രണ്ടു മാസമായി പഠന ആവശ്യങ്ങൾക്കായി പ്രതിയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പാലോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവശേപ്പിക്കുകയും അസുഖം ഭേദമാകാത്തതിനെ തുടർന്ന് നെടുമങ്ങാട് താലൂക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയായ വിവരം അറിയുന്നത്.
ആശുപത്രിയിൽനിന്ന് വിവരം പാലോട് പോലീസിനെ അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ അറസ്റ്റു ചെയ്ത് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലോടിലെ ഒരു പാരലൽ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് പ്രതി.