തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകൾ ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ പ്രവർത്തകനെതിരെ നടപടി. കോൺഗ്രസിന്റെ കുറവൻകോണം മണ്ഡലം ട്രഷറർ നന്തൻകോട് സ്വദേശി വി ബാലുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി.
വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ പോസ്റ്ററുകളാണ് ആക്രിക്കടയിൽ കണ്ടെത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതൃത്വം പൊലീസിൽ പരാതി നൽകിയിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി വോട്ടെടുപ്പ് ദിവസം ബൂത്ത് അലങ്കരിക്കാന്‍ നല്കിയ പോസ്റ്ററുകൾ ബാലു ആക്രിക്കടയിലേക്ക് കടത്തുകയായിരുന്നു എന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.
ഉപയോഗിക്കാത്ത അമ്പത് കിലോ പോസ്റ്ററുകളാണ് നന്തന്‍കോഡ് വൈഎംആര്‍ ജങ്ഷനിലെ ആക്രിക്കടയില്‍ കണ്ടെത്തിയത്. കോൺഗ്രസിന്റെ പരാതിയില്‍ ബാലുവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പോസ്റ്ററുകൾ വിറ്റ സംഭവം കെപിസിസി അധ്യക്ഷന്റേയും പ്രതിപക്ഷനേതാവിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വീണ നായർ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ആക്രിക്കടയുടെ ഷെഡിൽ പോസ്റ്ററുകൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കിലയോക്ക് പത്ത് രൂപ നിരക്കിലാണ് വാങ്ങിയതെന്നും പോസറ്റർ കൊണ്ടുവന്നയാളെ അറിയില്ലെന്നുമായിരുന്നു ആക്രിക്കടയുടമയുടെ പ്രതികരണം. ആക്രിക്കടയിൽ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ ഡി സി സി ഭാരവാഹിയെ ചുമതലപ്പെടുത്തിയതായും ആരെങ്കിലും മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം ഡി സി സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനൽ പറഞ്ഞിരുന്നു.