വിജിലന്‍സ് റെയ്ഡ്; കെ എം ഷാജി എംഎൽഎയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചു: പിടികൂടിയത് രേഖകളില്ലാത്ത പണം


കണ്ണൂർ: വിജിലൻസ് റെയ്ഡിൽ മുസ്ലിം ലീഗ് നേതാവ് കെ. എം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽ നിന്ന് 50ലക്ഷം രൂപ കണ്ടെത്തി. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്. വിജിലൻസ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

രാവിലെ 9 മണിയോടെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. രണ്ട് വീടുകളിലും ഒരേ സമയത്താണ് റെയ്ഡ് നടക്കുന്നത്. പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കെ.എം ഷാജിക്ക് വിജിലന്‍സ് സമയം കൊടുത്തിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല.

അനധികൃതമായി ഒരു സ്വത്തും തന്‍റെ പേരിലില്ലെന്നും വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും കെ.എം ഷാജി ആരോപിച്ചിരുന്നു. തന്‍റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണെന്നും ഷാജി വ്യക്തമാക്കി. പക്ഷെ ഇതൊന്നും സത്യസന്ധമായ അന്വേഷണമല്ല. തന്നെ കുടുക്കാന്‍ വേണ്ടി നടക്കുന്ന അന്വേഷണമാണ്. അതിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കാതെ നിയമപരമായി തന്നെ നേരിടുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.

പൊതുപ്രവർത്തകനായ അഡ്വ.എം.ആര്‍.ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്‍റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.