പാലക്കാട്: ഒറ്റപ്പാലം സബ് രജിസ്ട്രാർ ഓഫീസിന്റെ എതിർവശത്ത് വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കടപ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ അഴിയന്നൂർ പ്രദേശത്തുളളവരുടെ കാർഡുകളാണ് കണ്ടെത്തിയവയിൽ അധികവും.
പുതിയ വോട്ടർമാരുടേതും പുതുക്കിയതുമായ കാർഡുകൾ ഉൾപ്പടെ അമ്പതോളം കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്. പുതുക്കാൻ കൊടുത്തവരുടെ പഴയ കാർഡുകളുമുണ്ട്. പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെത്തിയത്.
ഇതിനെതിരേ കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.കാർഡുകൾ ഉദ്യോഗസ്ഥർ ബോധപൂർവം വിതരണം ചെയ്യാതെ ഉപേക്ഷിച്ചതാണെന്നാണ് പരാതി. തോൽവിയിൽ വിറളി പൂണ്ട സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥർ ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ ഇത് പഴയ കാർഡുകളാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.