ആ 12 പേർ ആരാണെന്ന് ഇന്നുമറിയില്ല... മംഗളൂരു വിമാനദുരന്തം നടന്നിട്ട് 11 വർഷം | Manglore Plain crashമംഗളൂരു: രാജ്യത്തെ നടുക്കിയ, 158 പേർ വെന്തുമരിച്ച മംഗളൂരു വിമാനദുരന്തത്തിന് ശനിയാഴ്ച 11 വർഷം തികയുന്നു. അപകടത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത 12 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ച കൂളൂർ ഗുരുപുര നദിക്കരയിലെ പാർക്കും സ്തൂപവും ആ ദുരന്തത്തിന്റെ ഓർമയായി ഇന്നും അവശേഷിക്കുന്നു. മരിച്ച ആ 12 പേർ ആരാണെന്ന് ഇന്നും ആർക്കുമറിയില്ല. അവരെ തേടി ആളുകൾ വന്നെങ്കിലും മൃതദേഹം തിരിച്ചറിയാൻ പറ്റിയിരുന്നില്ല. മംഗളൂരുവിന്റെ മണ്ണിനടിയിൽ അവർ ഇന്നുമുറങ്ങുന്നു...
2010 മേയ് 22-ന് രാവിലെ 6.07-നാണ് ദുബായിൽനിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയുടെ അറ്റത്തുള്ള സിഗ്നൽ തൂണിൽ ഇടിച്ച് സമീപത്തെ താഴ്ചയിലേക്ക് വീണ് കത്തിയമർന്നത്. 160 യാത്രക്കാരും പൈലറ്റും സഹപൈലറ്റും നാല് കാബിൻ ജീവനക്കാരുമടക്കം 166 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 158 പേർ മരിച്ചു. കാസർകോട് ഉദുമയിലെ കൂളിക്കുന്ന് കൃഷ്ണനും കണ്ണൂർ കമ്പിലിലെ കെ.പി.മായിൻകുട്ടിയുമടക്കം എട്ടുപേർ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
രക്ഷപ്പെട്ടവർക്ക് ജോലി നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഒരാൾക്കുപോലും ഇതുവരെ ജോലി നൽകിയിട്ടില്ല. വിമാനാപകടങ്ങളിൽ മരിച്ചവർക്ക് 1999-ൽ നിലവിൽ വന്ന മോൺട്രിയൽ ഉടമ്പടി പ്രകാരം 72 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുണ്ട്. ഇത് നൽകുമെന്ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മംഗളൂരു ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് എയർഇന്ത്യ നിയോഗിച്ച ഏജൻസി നിശ്ചയിച്ച പ്രകാരമാണ് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകിയത്. ഇതിനെതിരേ മംഗളൂരു എയർക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ചിരുന്നു. കേരള ഹൈക്കോടതി ഇവർക്ക് അനുകൂലമായി വിധിച്ചെങ്കിലും ഡിവിഷൻ ബഞ്ച് ഇത് സ്റ്റേ ചെയ്തു. തുടർന്ന് അവർ സുപ്രിംകോടതിയെ സമീപിച്ചു. അവിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഓൺലൈനായി ഒരു സിറ്റിങ് നടന്നുവെന്നതുമാത്രമാണ് ഈ കേസുമായി ബന്ധപ്പെട്ടുള്ള പുരോഗതി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.