കേന്ദ്രം നൽകിയ വാക്‌സിൻ തീർന്നു; 45-നുമേൽ പ്രായമുള്ളവർക്കുള്ള വിതരണം മുടങ്ങിയേക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് 45-നുമേൽ പ്രായമുള്ളവർക്കായി കേന്ദ്രം നൽകിയ കോവിഡ് പ്രതിരോധമരുന്നിന്റെ സ്‌റ്റോക്ക് തീർന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്റ്റോക്ക് തീർന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽനിന്നും കൂടുതൽ മരുന്ന് ലഭിച്ചില്ലെങ്കിൽ 45-നുമേൽ പ്രായമുള്ളവർക്കുള്ള പ്രതിരോധമരുന്നുവിതരണം വ്യാഴാഴ്ച മുടങ്ങിയേക്കും. നിലവിൽ പല പ്രധാന പ്രതിരോധമരുന്നു വിതരണകേന്ദ്രങ്ങളിലും മരുന്ന് ലഭ്യമല്ല. ജില്ലകളിൽ അവശേഷിക്കുന്ന സ്റ്റോക്കിനനുസരിച്ചാകും വ്യാഴാഴ്ചത്തെ വിതരണം എന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ബുധനാഴ്ച രാവിലെ കോവാക്‌സിൻ 17,100 ഡോസും കോവിഷീൽഡ് 14,700 ഡോസും മാത്രമാണ് സ്റ്റോക്കുണ്ടായിരുന്നത്. ഇതിൽ വിവിധ വിഭാഗങ്ങളിലായി 15,999 ഡോസ് ബുധനാഴ്ച വിതരണം ചെയ്തിട്ടുണ്ട്.

18-നും 45-നും ഇടയിൽ പ്രായമായവർക്ക് നൽകുന്നതിനായി സംസ്ഥാന സർക്കാർ വിലനൽകി കമ്പനികളിൽനിന്നുവാങ്ങിയ പ്രതിരോധമരുന്നിൽ 1,23,990 ഡോസ് കോവാക്‌സിനും 3,03,430 ഡോസ് കോവിഷീൽഡും സ്‌റ്റോക്കുണ്ടായിരുന്നു. കമ്പനികളിൽനിന്ന് 96,710 ഡോസ് കൂടി വ്യാഴാഴ്ച മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിക്കുന്നുണ്ട്. ഇത് 45-നുമേൽ പ്രായമുള്ളവർക്ക് നൽകണമെങ്കിൽ നയപരമായ തീരുമാനം വേണ്ടിവരും.

ബുധനാഴ്ചവരെ എല്ലാവിഭാഗങ്ങളിലുമായി 65,71,820 പേർ ആദ്യ ഡോസും 20,19,113 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. 80,00,480 കോവിഷീൽഡും 5,90,453 ഡോസ് കോവാക്‌സിനുമാണ് ഇതുവരെ വിതരണംചെയ്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.