മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. വെള്ളിയാഴ്ച രാത്രി 9.30 മണിയോടെ താനെ ജില്ലയിലെ ഉല്‍ഹാസ്നഗറിലാണ് സംഭവം. നെഹ്രു ചൌക്കില്‍ വച്ചാണ് അഞ്ച് നിലകളുള്ള സായ് സിദ്ധി കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നതെന്ന് ഉല്ഹാസ്നഗര് മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കി.
അഞ്ചാം നിലയിലെ സ്ലാബ് തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. അഗ്നിശമന സേനയും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഏഴ് പേരെ അവശിഷ്ടങ്ങളില്‍ നിന്നും പുറത്തെടുത്തെങ്കിലും ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. എത്ര പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇപ്പോഴും അറിയില്ലെന്നും നാലോ അഞ്ചോ പേര് കെട്ടിടത്തിനിടയില്‍ പെട്ടിട്ടുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.