'സൂപ്പർ' പിണറായിക്ക് ഇനി ദേശീയനായകത്വം
 തിരുവനന്തപുരം: രാജ്യത്ത് കമ്യൂണിസ്റ്റ് ഭരണം അസ്തമിക്കാതെ നിലനിർത്തിയെന്നതുമാത്രമല്ല, പ്രാദേശികപാർട്ടികളുടെ ഏകോപനത്തിന് കരുത്തുള്ള ദേശീയനായകനായി പിണറായി മാറുന്നുവെന്നതുകൂടിയാണ് ഈ തിരഞ്ഞെടുപ്പുണ്ടാക്കുന്ന മാറ്റം.

സംസ്ഥാനഭരണംകൊണ്ട് ബി.ജെ.പി.യെ പ്രതിരോധിക്കുന്ന മുഖ്യമന്ത്രിയെന്ന പേര് പിണറായി ഇതിനകം നേടിയിട്ടുണ്ട്. അത്തരം ഇമേജുണ്ടാക്കിയ കേരളത്തിൽ, പിണറായി എന്ന നേതാവിന്റെ കരുത്തിൽമാത്രം തുടർഭരണമുണ്ടാകുമ്പോൾ അതിന് ദേശീയ പ്രാധാന്യം ഏറെയാണ്.

അഞ്ചിലൊന്ന് പാർലമെന്റ് മണ്ഡലങ്ങൾ പ്രതിനിധാനംചെയ്യുന്ന അഞ്ചുസംസ്ഥാനങ്ങളിലാണ് കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ അസം, കേരളം എന്നിവ തിരിച്ചുപിടിച്ചാൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബി.ജെ.പി.വിരുദ്ധ മുന്നണിക്ക് ശക്തിലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.

എന്നാൽ, കോൺഗ്രസിന്റെ അസ്തിത്വംപോലും ചോദ്യംചെയ്യുന്ന ഫലമാണ് ജനവിധിയിലുണ്ടായത്. അതേസമയം, ബി.ജെ.പി.യോട് പോരടിക്കുന്ന ഡി.എം.കെ.യും തൃണമൂൽ കോൺഗ്രസും കേരളത്തിൽ എൽ.ഡി.എഫും അധികാരത്തിലെത്തുകയും ചെയ്തു.

പൗരത്വഭേദഗതി നിയമത്തിനെതിരേയടക്കം ബി.ജെ.പി.യോടുള്ള പോരാട്ടത്തിന് മറ്റുസംസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാക്കാൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ശ്രമിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ സ്റ്റാലിനുമായും ഡൽഹിയിൽ കെജ്രിവാളുമായും അദ്ദേഹം അത്തരമൊരു അനൗപചാരിക സഖ്യമുണ്ടാക്കിയിട്ടുമുണ്ട്. ആ കൂട്ടായ്മയ്ക്ക് ദേശീയ പ്രാധാന്യം ഏറുന്നുവെന്നാണ് ഈ തിരഞ്ഞെടുപ്പുഫലം നൽകുന്ന സൂചന. പിണറായിയുടെ രണ്ടാംവരവ് ആദ്യഘട്ടത്തിലുള്ളതിനെക്കാൾ കരുത്തോടെയാണ്.

ഒരുസർക്കാരിന്റെ പ്രവർത്തനത്തെ എങ്ങനെ രാഷ്ട്രീയപ്രതിരോധമാക്കാമെന്ന് തെളിയിക്കാൻ ഇതിനകം പിണറായി വിജയന് കഴിഞ്ഞിട്ടുണ്ട്. പൗരത്വഭേദഗതി, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടൽ, സി.ആൻഡ് എ.ജി.യുടെ പരിശോധന എന്നിങ്ങനെ കേന്ദ്രസർക്കാർ ‘പരിധിവിടുന്നു’വെന്ന് ഇടതുമുന്നണിക്കും സി.പി.എമ്മിനും തോന്നിയ ഘട്ടത്തിലെല്ലാം പിണറായി സർക്കാരിന്റെ രാഷ്ട്രീയപ്രതിരോധം ജനങ്ങൾ കണ്ടതാണ്. പൗരത്വഭേദഗതി ഇവിടെ നടപ്പാക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി തെരുവിൽ സമരത്തിനിറങ്ങി. ഇതെല്ലാം കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിൽത്തന്നെ രാഷ്ട്രീയപ്രാധാന്യം നേടിയ ഇടപെടലാണ്. മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം കൂടാൻ ഇത് കാരണമാക്കിയിട്ടുണ്ടെന്ന് ഈ ജനവിധി ബോധ്യപ്പെടുത്തുന്നുണ്ട്. അതിനാൽ, ബി.ജെ.പി.വിരുദ്ധ രാഷ്ട്രീയത്തിന്റെ ദേശീയ അമരത്ത് ഇനി പിണറായിക്കുള്ള സ്ഥാനം ഏറെ വലുതാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക