മാതാപിതാക്കളോട് വഴക്കിട്ടു, നേരെ ചെന്ന് കുഴിയെടുത്തു തുടങ്ങി, ഇപ്പോൾ ഭൂമിക്കടിയിൽ സ്വന്തമായൊരു വീട്

നമ്മളെയൊക്കെ അച്ഛനും അമ്മയും പല കാര്യങ്ങൾക്കും വഴക്ക് പറയാറുണ്ട്. നാമതിനോട് പ്രതികരിക്കുന്നത് വ്യത്യസ്ത രീതിയിലായിരിക്കും. എന്നാൽ, ഇവിടെ സ്പെയിനിലെ ഒരു പതിനാലുകാരൻ ചെയ്തത് കുറച്ച് കടുപ്പമേറിയ കാര്യമാണ്. ഒരു കുഴിയെടുത്തു അതിലൂടെ ഒരു ഭൂ​ഗർഭ വീട് തന്നെ തനിക്കായി നിർമ്മിച്ചു. ആ രസകരമായ അനുഭവം വായിക്കാം.


മാതാപിതാക്കളുമായി വഴക്കിട്ടതിന്റെ ദേഷ്യം തീർക്കാനാണ് 14 വയസ്സുകാരനായ ആൻഡ്രസ് കാന്റോ വീടിന് പുറകിൽ ആദ്യമായി ഒരു കുഴിയെടുത്തത്. തന്റെ ദേഷ്യം മുഴുവൻ ആ കൈക്കോട്ടിനോട് അവൻ തീർത്തു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ അവന് അതിൽ ഒരു രസം തോന്നി. പിറ്റേന്നും അവൻ പിന്നാമ്പുറത്തെത്തി കുറച്ച് കൂടി ആഴത്തിൽ കുഴിയെടുത്തു. പിന്നീട് മിക്ക ദിവസവും അവൻ അത് ചെയ്യാൻ തുടങ്ങി. ഓരോ പ്രാവശ്യവും മണ്ണിൽ ആഞ്ഞു വെട്ടുമ്പോഴും, വിയർപ്പ് തുള്ളികൾ അവന്റെ ശരീരത്തിൽ ഉരുണ്ട് കൂടുമ്പോഴും അവന് വല്ലാത്ത സന്തോഷം തോന്നി. കുഴിയെടുക്കുന്നത് അവന് പ്രിയപ്പെട്ട ഒരു വിനോദമായി തീർന്നു. ഇപ്പോൾ അത് തുടങ്ങി ആറ് വർഷം പിന്നിടുമ്പോൾ സ്വന്തമായൊരു ഭൂഗർഭ ഗുഹയുടെ ഉടമയാണ് അവൻ. അവന്റെ സ്വദേശം സ്പെയിനിലെ അലികാന്റയിലാണ്.  

സ്വന്തമായി നിർമ്മിച്ച ആ ഭൂമിക്കടിയിലുള്ള വീട്‌ കാണുമ്പോൾ അവന് തീർത്തും അഭിമാനമാണ്. വസ്ത്രത്തെ ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ടതാണ് ഇതിന്റെയൊക്കെ തുടക്കം. ട്രാക്ക് സ്യൂട്ട് ധരിച്ച് ഗ്രാമത്തിലേക്ക് പോകാൻ അവർ അവനെ അനുവദിച്ചില്ല. ഈ വസ്ത്രം ധരിച്ച് ഗ്രാമത്തിലേക്ക് പോകേണ്ടെന്ന് അവർ അവനോട് തീർത്ത് പറഞ്ഞു. എന്നാൽ, ഗ്രാമത്തിൽ കറങ്ങാനും, അടിച്ച് പൊളിക്കാനും ആഗ്രഹിച്ച അവൻ അത് തന്നെ ധരിക്കുമെന്ന് വാശിപിടിച്ചു. ഒടുവിൽ അവർ തമ്മിൽ തർക്കമായി. മാതാപിതാക്കൾ അവൻ പറയുന്നത് കേൾക്കാൻ തയ്യാറല്ല എന്ന് മനസ്സിലായപ്പോൾ, അവൻ എവിടേക്കും പോകുന്നില്ലെന്ന് പറഞ്ഞ് വീടിന്റെ പുറകിലേക്ക് നടന്നു. തനിക്ക് ആരുമില്ലെങ്കിലും സമയം കളയാൻ അറിയാമെന്ന് പറഞ്ഞ് അവൻ മണ്ണ് കുഴിക്കാൻ തുടങ്ങി.

എന്നാൽ, അവൻ അത് ശരിക്കും ആസ്വദിക്കുകയായിരുന്നു. പിന്നീട് എല്ലാ വൈകുന്നേരവും ക്ലാസു കഴിഞ്ഞ് വന്നാൽ അവൻ ആ ഗുഹയിൽ പോയി ഇരിക്കും. അതിനകം കൂടുതൽ വിശാലമാക്കണമെന്ന് അവന് തോന്നി. അവന്റേത് മാത്രമായി ഒരു ഇടം വേണമെന്ന് അവൻ ആഗ്രഹിച്ചു. അങ്ങനെ കുഴി വലുതാക്കാൻ അവനും അവന്റെ ഒരു സുഹൃത്തും കൂടി മണ്ണെടുക്കാൻ തുടങ്ങി. ഒടുവിൽ അതൊരു വലിയ ഭൂഗർഭ ഗുഹയായി തീർന്നു. എന്നാൽ, വെറും പതിനാല് വയസ്സുള്ള രണ്ട് ആൺകുട്ടികൾക്ക് എത്ര പ്രയാസമുള്ള ജോലിയായിരിക്കും അതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കാന്റോയും സുഹൃത്തും അവധിദിവസങ്ങളിൽ 14 മണിക്കൂറോളം ജോലിചെയ്‌തു. ഒടുവിൽ അവർ ഒരു ന്യൂമാറ്റിക് ഡ്രിൽ ഉപയോഗിച്ച് കുഴിക്കാൻ തടുങ്ങിയപ്പോൾ ജോലി കുറച്ച് കൂടി എളുപ്പമായി. താമസിയാതെ, അവർ അതിനകത്ത് ഒരു ഇരിപ്പിടവും കിടപ്പുമുറിയും ഉണ്ടാക്കി. ആദ്യം, മിക്കവാറും എല്ലാം അവർ കൈകൊണ്ട് ചെയ്തു. ഡ്രില്ലർ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ജോലിഭാരം കുറെയൊക്കെ കുറഞ്ഞു.


കമാന കവാടങ്ങളും, നിരകളാൽ ഉറപ്പിച്ച മേൽക്കൂരകളും, ഇടിഞ്ഞ് വീഴാതിരിക്കാൻ കോൺക്രീറ്റ് ഭിത്തികളും അവൻ പണിതു. പിന്നാമ്പുറത്തെ ഈ ഗുഹ നിർമ്മിക്കാൻ 50 യൂറോ മാത്രമാണ് ചിലവെന്ന് 20 -കാരൻ അവകാശപ്പെടുന്നു. എന്നാൽ, ഭൂഗർഭ വീട്ടിലെ താമസം അത്ര സുഖകരമല്ല എന്ന് കാന്റോ പറയുന്നു. മഴ പെയ്യുമ്പോൾ ഇടയ്ക്കിടെയുള്ള വെള്ളപ്പൊക്കമുണ്ടാകും. കൂടാതെ പ്രാണികളും ഒച്ചുകളും പലപ്പോഴും ഒരു വലിയ തലവേദനയാകുമെന്നും കാന്റോ പറയുന്നു. എന്നിരുന്നാലും, തന്റേതായ ഒരു സ്വകാര്യ ഇടം വളരെ വിലപ്പെട്ടതാണ് എന്നും അവൻ കൂട്ടിച്ചേർത്തു. ഗുഹയിൽ മുഴുവൻ സമയവും താമസിക്കുന്നില്ലെങ്കിലും, മൊബൈൽ ഫോൺ, വൈദ്യുതി, ഹീറ്റർ, വൈ-ഫൈ തുടങ്ങിയ എല്ലാ സംവിധാനങ്ങളും കാന്റോ അവിടെ ഒരുക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.