കവരത്തി: ലക്ഷദ്വീപില്‍ ജനദ്രോഹ നടപടികള്‍ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍. ലക്ഷദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്ക്കരിക്കുന്നു. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിച്ചതായാണ് റിപ്പോര്‍ട്ട്.
ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ദ്വീപില്‍ സ്കൂളുകളും അടച്ചു പൂട്ടുകയാണ്. 15 സ്കൂളുകള്‍ ഇതുവരെ പൂട്ടിയതായാണ് റിപ്പോര്‍ട്ട്. കില്ത്താനിയില് മാത്രം നാല് സ്കൂളുകള്‍ പൂട്ടിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കരയില്‍ മാത്രമല്ല, കടലിലും പിടിമുറുക്കുകയാണ് പ്രഫുല്‍ പട്ടേല്‍. ലക്ഷദ്വീപ് ഡവലപ്മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള കപ്പല്‍ സര്‍വീസും ക്രൂവിനെ നിയമിക്കാനുള്ള അധികാരവും ഷിപ്പിങ് കോര്പറേഷന് ഓഫ് ഇന്ത്യക്ക് കൈമാറാനാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ തീരുമാനം.
ആറ് മാസത്തിനുള്ളില്‍ കപ്പലുകള്‍ ഏറ്റെടുക്കുമെന്ന് ഷിപ്പിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നടപടിയുടെ ഭാഗമായി നിലവിലെ കപ്പല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിട്ടിട്ടുണ്ട്.