സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു. തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തുപോകാന്‍ ഏഷ്യാനെറ്റ് പ്രതിനിധിയോട് നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം.

നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിലെ പ്രതിനിധികളെ ഒഴിവാക്കിയിരുന്നു. കേന്ദ്രമന്ത്രിയാണെങ്കിലും താന്‍ ബിജെപി തീരുമാനമാണ് അനുസരിക്കുന്നത് എന്നാണ് അന്ന് വി മുരളീധരന്‍ സംഭവത്തില്‍ പ്രതികരിച്ചത്. വാര്‍ത്താസമ്മേളനത്തിലേക്ക് ഏഷ്യാനെറ്റിനെ വിളിക്കാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മുരളീധരന്‍ ഇത്തരമൊരു മറുപടി നല്‍കിയത്. വി മുരളീധരന്‍ പറഞ്ഞത്: ”ഏഷ്യാനെറ്റിനെ ഞങ്ങള്‍ ബഹിഷ്‌കരിച്ചിട്ടില്ല. അവരോട് നിസഹകരണമാണ്. ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും ഞാന്‍ ബിജെപിയുടെ നേതാവാണ്. കേരള ബിജെപി ഘടകം നിസഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ ഞാന്‍ വിളിച്ചിട്ടില്ല. കേന്ദ്രമന്ത്രിയാണെങ്കിലും ഞാന്‍ ബിജെപി തീരുമാനം പാലിക്കുന്നു. കേന്ദ്രമന്ത്രി എന്നത് പൊതുപദവിയാണ്.”

വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയെ നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നതെന്ന് പറഞ്ഞാണ് മെയ് 10ന് ഏഷ്യാനെറ്റുമായി സഹകരിക്കില്ലെന്ന് ബിജെപി അറിയിച്ചത്.

പ്രസ്താവന ഇങ്ങനെയായിരുന്നു: ”കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങള്‍ വീണ്ടും തെളിയിക്കുകയാണ്. ബംഗാള്‍ ഇന്ത്യയിലല്ലെന്നും സംഘികള്‍ ചാവുന്നത് വാര്‍ത്തയാക്കില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാന്‍ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുകയില്ല. വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.”

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.