
ചെന്നൈ: വിവാഹ മോചനം നേടിയാല്‍ ജീവനാംശം നല്‍കേണ്ടി വരുമെന്ന് ഭയം. ഭര്‍ത്താവ് ഏര്‍പെടുത്തിയ ക്വടേഷന്‍ സംഘം ഭാര്യയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ കിദാരങ്കോണ്ടം പട്ടണത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം.
യു എസില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 28 കാരിയായ ജയഭാരതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുചക്രവാഹനത്തില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജയഭാരതിയെ കടവയ്യാരു പാലത്തില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വഴിയില്‍ വീണ യുവതിക്കുണ്ടായ അമിത രക്തസ്രാവമാണ് ഗുരുതരാവസ്ഥയിലേക്ക് മാറ്റിയത്. വഴിയാത്രക്കാര്‍ അവരെ ഉടന്‍തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെക്കുറിച്ച് ജയഭാരതിയുടെ കുടുംബത്തിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു.
ബന്ധുക്കള്‍ അപകടസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ച്, തിരുവാരൂര്‍ താലൂക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന്, വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വെളിപ്പെടുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി യു എസിലെ ഐ ടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജയഭാരതി 2015ല്‍ വിഷ്ണുപ്രകാശിനെ വിവാഹം കഴിച്ചു.
തുടര്‍ന്ന് ദാമ്പത്യത്തിലെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ജയഭാരതി തന്റെ ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. അന്തകുടി പോസ്റ്റോഫീസില്‍ ജോലി ചെയ്യാന്‍ തുടങ്ങി. അവരെ വീണ്ടും ഒന്നിപ്പിക്കാന്‍ കുടുംബം നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ, ജയഭാരതി വിവാഹമോചന കേസ് ഫയല്‍ ചെയ്യുകയും ഭര്‍ത്താവിന് നോടിസ് അയക്കുകയും ചെയ്തു. തുടര്‍ന്ന്, വിഷ്ണുപ്രകാശ് ജയഭാരതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
വിവാഹമോചനത്തെ തുടര്‍ന്ന് ജീവനാംശം നല്കാന് നിര്‍ബന്ധിതനാകുമെന്ന് ഭയപ്പെട്ടതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ നല്കുന്നതിലേക്ക് വിഷ്ണുപ്രകാശിനെ നയിച്ചത്. 12 മണിക്കൂറിനുള്ളില്‍ ക്വട്ടേഷന്‍ സംഘത്തിലെ മുഴുവനാളുകളെയും പൊലീസ് പിടികൂടി. അതേസമയം, പ്രധാന പ്രതി വിഷ്ണുപ്രകാശിനെ ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് എസ് പി കായല്‍ വിഷി പറഞ്ഞു.