തെങ്ങിൽ കാവിനിറം പൂശിയതും വിവാദം; ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രമേയം | Lakshwadeep Administartor

കൊച്ചി ∙ കഴിഞ്ഞ ഡിസംബറിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ചുമതലയേറ്റയുടൻ എല്ലാ ദ്വീപുകളിലെയും തെങ്ങുകളുടെ ചുവട്ടിൽ കാവി നിറം പൂശിയതും വിവാദം. സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായാണു തെങ്ങുകൾക്കു ചായമടിക്കാൻ തീരുമാനിച്ചതെന്നാണു വിവരം. തെങ്ങിൻതടിയിലെ അണുബാധയും കേടും ഒഴിവാക്കാൻ വെള്ള പൂശുന്നതു പതിവുണ്ടെങ്കിലും കാവി നിറം പൂശുന്നതു നടാടെയാണെന്നാണ് ആക്ഷേപംഇതിനിടെ, ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന ഭരണഘടനാ വിരുദ്ധവും അശാസ്ത്രീയവുമായ പരിഷ്കാരങ്ങൾക്കെതിരെ കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രമേയം പാസാക്കി. ജനദ്രോഹ നയങ്ങളിൽനിന്ന് പിൻമാറണമെന്നും വികസനപദ്ധതികളും പരിഷ്കാരങ്ങളും ദ്വീപിലെ പഞ്ചായത്തുമായും ജില്ലാ പഞ്ചായത്തുമായും ആലോചിച്ചു നടപ്പാക്കണമെന്ന സുപ്രീം കോടതി നിർദേശം പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് ഉപാധ്യക്ഷൻ എ.പി.നസീർ പ്രമേയം അവതരിപ്പിച്ചു. ഏകകണ്ഠമായാണു പാസായത്. കലക്ടർ അസ്ഗർ അലി മാധ്യമസമ്മേളനത്തിൽ ലക്ഷദ്വീപ് ജനതയെയും കിൽത്താൻ ദ്വീപിനെയും അപമാനിച്ചതിൽ സമിതി അമർഷം രേഖപ്പെടുത്തി. അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ ലക്ഷദ്വീപിലെ ഒരു പഞ്ചായത്ത് പ്രമേയം പാസാക്കുന്നത് ആദ്യമാണ്.
Save Lakshadweep
ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രമേയം പാസാക്കിയ ശേഷം ഓഫിസിനു മുന്നിൽ പ്രതിഷേധിക്കുന്ന കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് അംഗങ്ങൾ.
മത്സ്യത്തൊഴിലാളികളെ കഷ്ടത്തിലാക്കുന്നു
അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ മത്സ്യബന്ധന മേഖലയെ മൊത്തം ദോഷകരമായി ബാധിക്കുന്നു. കടപ്പുറത്തു ബോട്ടുകളും വള്ളങ്ങളും കയറ്റി വയ്ക്കാനോ ഇതിനു ഷെഡുകൾ നിർമിക്കാനോ സമ്മതിക്കുന്നില്ല. ഉണ്ടായിരുന്ന ഷെഡുകളും തീരത്തു വച്ച ബോട്ടുകൾ പോലും പൊളിച്ചു കളയുന്നു.
മത്സ്യം കടൽത്തീരത്തു വച്ചു പുഴുങ്ങി അവിടെയിട്ട് ഉണക്കിയാണു മാസ് ഉൾപ്പെടെയുള്ള ലക്ഷദ്വീപ് വിഭവങ്ങൾ നിർമിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ഈ പതിവുകൾക്കെല്ലാം പുതിയ അഡ്മിനിസ്ട്രേറ്റർ വിലക്കേർപ്പെടുത്തിയെന്നും അമിനി ദ്വീപിലെ മത്സ്യത്തൊഴിലാളി പി.ഐ.മൂസ പറഞ്ഞു.
യൂത്ത് കോൺഗ്രസുകാർ റിമാൻഡിൽ
ലക്ഷദ്വീപ് കലക്ടറുടെ പരാമർശങ്ങൾക്കെതിരെ കോലം കത്തിച്ചു പ്രതിഷേധിച്ചതിന് അറസ്റ്റിലായ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 7 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇവരെ ജയിലിലേക്കു മാറ്റിയിട്ടില്ല. പകരം കിൽത്താനിലുള്ള ഓഡിറ്റോറിയത്തിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡലംഘനം, ഗൂഢാലോചന, വ്യക്തിഹത്യ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഇപ്പോൾ റിമാൻഡിലായവർക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത 11 പേരെക്കൂടി അറസ്റ്റ് ചെയ്തു. 

Lakshadweep-new
സമരസമിതി  രൂപീകരിച്ചു
ലക്ഷദ്വീപ് പ്രക്ഷോഭങ്ങൾക്കായുള്ള സംഘടനയുടെ നിർവാഹക സമിതി രൂപീകരിച്ചു. പരിഷ്കാരങ്ങളോട് എതിർപ്പറിയിച്ചുള്ള നിവേദനവുമായി സമിതി അംഗങ്ങൾ ഉടൻ അഡ്മിനിസ്ട്രേറ്ററെ കാണും. ബിജെപി ഉൾപ്പെടെ ദ്വീപിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികൾ അംഗങ്ങളാണ്.
വീണ്ടും ഹൈക്കോടതിയിൽ ഹർജി
ലക്ഷദ്വീപിൽ നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന റെഗുലേഷനുകളെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ ദ്വീപ് നിവാസികൾക്ക് അവസരം നൽകാത്തത് ഏകപക്ഷീയവും നിയമ വിരുദ്ധവുമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി.
lakshadweep-protest
റാവുത്തർ ഫെഡറേഷൻ എന്ന സംഘടനയുടെ പ്രസിഡന്റ് അലാവുദ്ദീൻ, ലക്ഷദ്വീപ് നിവാസിയായ ഷെയ്ഖ് മുജീബ് റഹ്മാൻ എന്നിവരാണ് അഡ്മിനിസ്ട്രേറ്ററെ എതിർകക്ഷിയാക്കി ഹർജി നൽകിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.