കോവിഡ് കാലത്ത് വിവാഹങ്ങൾക്ക് വിലക്ക് വേണം; 'കാമുകിയുടെ വിവാഹം മുടക്കാൻ' യുവാവിന്‍റെ ബുദ്ധി | Marriageപട്ന: പ്രണയത്തിലും യുദ്ധത്തിലും എല്ലാ കാര്യങ്ങൾക്കും ന്യായീകരണമുണ്ടെന്ന് പൊതുവെ പറയാറുണ്ട്. തന്റെ പ്രണയത്തിന് വേണ്ടി എല്ലാ അതിരുകളും ഭേദിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള ഒരു യുവാവ്. കാമുകിയുടെ വിവാഹം മുടക്കാനായി സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധി പരിഗണിച്ച് വിവാഹങ്ങൾക്ക് വിലക്കേർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് യുവാവ്. മുഖ്യമന്ത്രിയുടെ പോസ്റ്റുകളിലൊന്നിൽ പങ്കജ് കുമാർ മിശ്ര എന്ന യുവാവ് നടത്തിയ ഈ അഭ്യർത്ഥന ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ പൊട്ടിച്ചിരിയ്ക്കിടയാക്കി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
മെയ് 13-ന് നിതീഷ് കുമാർ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിനടിയിലാണ് പങ്കജ് കുമാർ മിശ്രയുടെ കമന്റും അതിനോടുള്ള നിരവധി പേരുടെ രസകരമായ പ്രതികരണങ്ങളുമൊക്കെ ഉണ്ടായത്. ലോക്ക്ഡൗൺ കൊണ്ടുണ്ടായ ഗുണഫലങ്ങളെക്കുറിച്ചുള്ളതായിരുന്നു ബീഹാർ മുഖ്യമന്ത്രിയുടെ പോസ്റ്റ്. സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി നിർണായകമായ വിധത്തിൽ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് നിതീഷ് കുമാർ അറിയിച്ചു. കോവിഡ് കേസുകളിൽ ഉണ്ടായ കുറവിന് കാരണം സംസ്ഥാനത്തുടനീളം ലോക്ക്ഡൗൺ ഏർപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. മെയ് 16-ന് ബീഹാറിൽ 6,894 കോവിഡ് കേസുകളും 5.73 ശതമാനം രോഗ സ്ഥിരീകരണ നിരക്കുമാണ് റിപ്പോർട്ട് ചെയ്തത്.
ഈ പോസ്റ്റിന് താഴെയാണ് പങ്കജ് ഹിന്ദിയിൽ തന്റെ കമന്റ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി സംസ്ഥാനത്തുടനീളം വിവാഹങ്ങൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തിയാൽ മെയ് 19-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന തന്റെ കാമുകിയുടെ വിവാഹവും മുടങ്ങും എന്നായിരുന്നു പങ്കജിന്റെ കമന്റ്. ഈ കാര്യത്തിൽ തന്നെ സഹായിച്ചാൽ എന്നും മുഖ്യമന്ത്രിയോട് കടപ്പെട്ടവനായിരിക്കും എന്ന് പങ്കജ് ഉറപ്പ് നൽകുന്നു.
ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ ചിരിപ്പടക്കം പൊട്ടിച്ച ഈ കമന്റിന് താഴെ നിരവധി പേർ ചോദ്യങ്ങളും ഉപദേശങ്ങളുമായി എത്തി. കാമുകിയുടെ വിവാഹം മുടങ്ങിയാൽ പങ്കജ് ആ പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്. വ്യക്തിപരമായ ഈ പ്രതിസന്ധി മറികടക്കാൻ പങ്കജിനെ സഹായിക്കണമെന്ന് ചിലർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

പ്രണയം ജീവിതത്തിന്റെ ഒരു വശം മാത്രമാണെന്നും അതിനാൽ അതിൽക്കവിഞ്ഞ പ്രാധാന്യം പ്രണയത്തിന് നൽകേണ്ടെന്നും പ്രായോഗിക ജീവിതത്തിന്റെ വക്താക്കളിൽ ചിലർ ഉപദേശിച്ചു. പ്രണയത്തിലാവുക നല്ല കാര്യമാണെന്നും പക്ഷെ അത് ദീർഘകാലത്തേക്ക് വളർത്തി പരിപോഷിപ്പിക്കാൻ കഴിയണമെന്നുള്ള ഉപദേശവും ചിലർ നൽകുന്നു.
രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താൽ ഇന്ത്യ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2.59 ലക്ഷം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒപ്പം 4,200 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് മൂലം മരണപ്പെടുന്ന ആളുകളുടെ എണ്ണം നാലായിരത്തിന് മുകളിൽ തുടരുന്നത് രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്, എന്നാൽ, പ്രതിദിനം കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം ചെറുക്കാനായി വിവിധ സംസ്ഥാനങ്ങൾ ലോക്ക്ഡൗണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.