കേരളത്തിന് ഏറ്റവും കൂടുതൽ മന്ത്രിമാരെ സമ്മാനിച്ചത് ഈ മണ്ഡലം: അതിൽ കാലാവധി തികച്ചത് ഒരേ ഒരാൾ മാത്രം...


ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തവണ മന്ത്രിസഭയിലെത്തിയ നിയമസഭാ മണ്ഡലം ഏതെന്ന ചോദ്യത്തിന് ഒന്നിലേറെ ഉത്തരങ്ങൾ ഉണ്ട്. എന്നാൽ ഏറ്റവും കൂടുതൽ പേരെ മന്ത്രിസഭയിലിരുത്തിയ ഒരു മണ്ഡലമേ ഉള്ളു. ആലപ്പുഴ ജില്ലയിലെ ചേർത്തല. കേരള രാഷ്ട്രീയത്തിലെ സമുന്നതരായവരടക്കം ഏഴു പേരാണ് ഈ മണ്ഡലത്തിൽ നിന്നും നേരെ മന്ത്രിസഭയിലേക്ക് പോയത്. പ്രതിപക്ഷ നേതാവിന്റെ കാബിനറ്റ് പദവി കൂടി ചേർത്താൽ എണ്ണം ഒന്ന് കൂടി കൂടും. സിപി ഐയുടെ നാലും കോൺഗ്രസിന്റെ മൂന്നും നേതാക്കളെയാണ് ചേർത്തല മന്ത്രിമാരാക്കിയത് . ഇതിൽ ആദ്യ കേരള മന്ത്രിസഭയിലെ കെ.ആർ. ഗൗരിയമ്മയും പതിനൊന്നാം നിയമ സഭയിലെ മുഖ്യമന്ത്രി എ.കെ ആന്റണിയും ഉൾപ്പെടുന്നു.

ചേർത്തല മന്ത്രിയാക്കിയവർ

1957 കെ.ആർ. ഗൗരിയമ്മ സിപിഐ
1977 എം. കെ രാഘവൻ കോൺഗ്രസ്
1980 പി.എസ് ശ്രീനിവാസൻ സിപിഐ
1982 വയലാർ രവി കോൺഗ്രസ് -എ
2001 എ. കെ. ആന്റണി കോൺഗ്രസ് ഐ
2016 പി. തിലോത്തമൻ സിപിഐ
2021 പി. പ്രസാദ് സിപിഐ
പ്രതിപക്ഷ നേതാവ്
1996 എ കെ ആന്റണി കോൺഗ്രസ് ഐ

എന്നാൽ മന്ത്രിക്കസേരയിൽ കാലാവധി തികച്ചത് ഒരാൾ മാത്രം എന്നതാണ് കൗതുകം. കഴിഞ്ഞ തവണ മന്ത്രിയായ തിലോത്തമൻ മാത്രമാണ് അഞ്ചു വർഷം തികച്ചത് . ആദ്യത്തെ മന്ത്രിസഭ വിമോചന സമരത്തെത്തുടർന്ന് രണ്ടു വർഷത്തിൽ വീണു. പിന്നെ അടുത്ത മന്ത്രി വന്നത് 20 വർഷം കഴിഞ്ഞ്. അന്ന് ചേർത്തലയുടെ നിറം മാറിയിരുന്നു. എസ് എൻ ഡി പി യോഗം പ്രസിഡന്റായിരുന്ന കോൺഗ്രസുകാരൻ എം കെ രാഘവനായിരുന്നു അത്തവണത്തെ എം എൽഎ.

അതിനു ശേഷം 1970ൽ എ കെ ആന്റണിയാണ് മണ്ഡലത്തെ കോൺഗ്രസിനൊപ്പം കൂട്ടിയത്. എന്നാൽ രാഘവൻ വക്കീൽ മന്ത്രിസഭയിൽ ഒരു വർഷം (29-10-1978 മുതൽ 07-10-1979 വരെ )തികച്ചില്ല. പക്ഷെ ചേർത്തലക്കാരുടെ മന്ത്രിഭാഗ്യം തുടർന്നു. അടുത്ത ആറാം നിയമസഭയെത്തിയപ്പോൾ സിപിഐ കോൺഗ്രസിന്റെ കൂട്ട് വിട്ടു. അങ്ങനെ പിഎസ് ശ്രീനിവാസൻ മന്ത്രിയായി (25-01-1980 to 20-10-1981). നിയമസഭ പിരിച്ചു വിട്ട് അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോൾ ചേർത്തല ശ്രീനിവാസനെ വിട്ട് കോൺഗ്രസിലെ വയലാർ രവിയെ സ്വീകരിച്ചു. കോൺഗ്രസ് എ പ്രതിനിധിയായിരുന്ന രവി നേരെ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. (24-5-1982) മുഖ്യമന്ത്രി കെ കരുണാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു വയലാർ രവി രാജി ( 24-5-1986) വെച്ചത്.

പിന്നെ ചേർത്തലയ്ക്ക് സ്വന്തം മന്ത്രി വരാൻ ഏതാണ്ട് 15 കൊല്ലം കാത്തിരിക്കേണ്ടി വന്നു. അതൊരു വരവായിരുന്നു. മുഖ്യമന്ത്രിയായി എ കെ ആന്റണിയുടെ മൂന്നാം വരവ്. പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട് ആദ്യമായി അദ്ദേഹം മുഖ്യമന്ത്രിയായത് അത്തവണയാണ്. അതിനു മുമ്പ് രണ്ടു തവണയും ഉപ തെരഞ്ഞടുപ്പിലൂടെ(കഴക്കൂട്ടം (1977), തിരൂരങ്ങാടി (1995) യായിരുന്നു ആന്റണി നിയമസഭാംഗമായത്. എന്നാൽ കാലാവധി തികയ്ക്കാതെ രാജിവെച്ചു (2004ഓഗസ്റ്റ് ). പ്രതിപക്ഷ നേതാവായിരുന്നപ്പോഴും (1996-2001) ആന്റണി ചേർത്തലയിലയുടെ പ്രതിനിധിയായിരുന്നു. പിന്നീട് ഒരു വ്യാഴവട്ടം കഴിഞ്ഞാണ് അടുത്ത മന്ത്രി വന്നത്. 2016 ൽ തിലോത്തമൻ. ഇത്തവണ ചരിത്രം തെറ്റിച്ച് ഇടതു മുന്നണി തുടർ ഭരണം നേടിയപ്പോൾ ചേർത്തലയുടെ പ്രതിനിധി പി പ്രസാദ് വീണ്ടും മന്ത്രിയാകുന്നു.

മന്ത്രിമാരാകും എന്ന് ഉറപ്പുണ്ടായിരുന്ന രണ്ടു പേരെ തോൽപ്പിക്കാനും ചേർത്തലക്കാർക്ക് മടിയുണ്ടായിരുന്നില്ല. ഇടതു മുന്നണി ജയിച്ചു കയറിയ 1987 ൽ സിപിഐയുടെ സി കെ ചന്ദ്രപ്പൻ വയലാർ രവിയോട് തോറ്റു. അത്തവണ രവി പ്രതിപക്ഷത്തിരുന്നു. 1991 ൽ ചേർത്തല ആ തെറ്റ് തിരുത്തി. ചന്ദ്രപ്പൻ രവിയെ പരാജയപ്പെടുത്തി. പക്ഷെ അന്ന് കോൺഗ്രസ് അധികാരത്തിലെത്തി. അങ്ങനെ ചന്ദ്രപ്പൻ പ്രതിപക്ഷത്തിരുന്നു. 1996 ൽ മുഖ്യമന്ത്രി ആന്റണി മത്സരിക്കാൻ വന്നത് ചേർത്തലയിൽ. പക്ഷെ ഇടതുമുന്നണി ഭരണത്തിലേക്ക് തിരിച്ചു വന്നപ്പോൾ ചേർത്തല തിരഞ്ഞടുത്തത് ചന്ദ്രപ്പനെയല്ല, ആന്റണിയെ. അങ്ങനെ ആന്റണിയും പ്രതിപക്ഷത്തിരുന്നു. ഒരു വ്യത്യാസം. പ്രതിപക്ഷ നേതാവായിരുന്ന ആന്റണി 2001 ൽ മുഖ്യമന്ത്രിയായി.

പറയുമ്പോ എല്ലാം പറയണം. പാലായും തിരൂരങ്ങാടിയും ഏഴു തവണ മന്ത്രിമണ്ഡലമായിരുന്നു. പക്ഷേ കെഎംമാണി മാത്രമായിരുന്നു പാലായുടെ മന്ത്രി. തിരൂരങ്ങാടിയിൽ ഒരുതവണ മുഖ്യമന്ത്രിയും. ഒരു തവണ കോൺഗ്രസും(എ.കെ.ആന്റണി) ആറ് തവണയായി മൂന്നു മുസ്ലിംലീഗ് നേതാക്കളുമായിരുന്നു പ്രതിനിധികൾ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.