മഹാമാരി പടര്‍ന്നുപിടിക്കവെ, പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവുമായി അധ്യാപകര്‍ വീടുവീടാന്തരം കയറിയിറങ്ങണമെന്ന കടുംപിടിത്തവുമായി സര്‍കാര്‍. തിങ്കളാഴ്ചയ്ക്കകം വീടുകളിലെത്തി കുട്ടികള്‍ക്കു നേരിട്ടു സന്ദേശം കൈമാറണമെന്നാണു നിര്‍ദേശം. വീടുകളില്‍ എത്തിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വഴി അധ്യാപകര്‍ക്ക് നല്‍കുന്നുണ്ട്.
എല്ലാ ജില്ലകളിലും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ ഇതുസംബന്ധിച്ച കര്‍ശന നിര്‍ദേശം എഇഒമാര്‍ വഴി സ്കൂളുകള്‍ക്കു നല്‍കിക്കഴിഞ്ഞു. അതിനിടെ പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ, അധ്യാപകരെ ഈ ഡ്യൂടിക്കു നിയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
ഒന്നാം ക്ലാസിലേക്കു കടന്നുവരുന്ന വിദ്യാര്‍ഥികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം എഇഒ തലത്തിലാണു സ്കൂളുകളിലേക്ക് എത്തിക്കുന്നത്. സ്കൂളുകളില്‍ ലഭിക്കുന്ന സന്ദേശം പിടിഎ, സ്കൂള്‍ മാനേജ്മെന്റ് കമിറ്റി, വാര്‍ഡംഗങ്ങള്‍, അധ്യാപകര്‍, യുവജന സംഘടനകള്‍, ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ എന്നിവയുടെ സഹായത്തോടെ കുട്ടികളുടെ വീടുകളില്‍ എത്തിക്കാന്‍ പ്രഥമാധ്യാപകര്‍ ശ്രദ്ധിക്കണം' എന്നാണു വിദ്യാഭ്യാസ വകുപ്പ് ഉന്നതര്‍ അയച്ചിരിക്കുന്ന സന്ദേശം.
ജൂണ്‍ ഒന്നിനു പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ, പിടിപ്പതു ജോലിയാണ് അധ്യാപകര്‍ക്കു ചെയ്തു തീര്‍ക്കാനുള്ളത്. പല അധ്യാപകരെയും കോവിഡ് ഡ്യൂടിക്കും നിയോഗിച്ചിട്ടുണ്ട്. ഇതിനിടയ്ക്കാണ്, മുഖ്യമന്ത്രിയുടെ സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങണമെന്ന ഉത്തരവ്. പ്രഥമാധ്യാപകര്‍ എഇഒ ഓഫിസുകളില്‍ സന്ദേശം കൈപ്പറ്റാന്‍ കാത്തു നില്‍ക്കുകയാണ്.
മുഖ്യമന്ത്രിയുടെ സന്ദേശം തിങ്കളാഴ്ചയ്ക്കകം വിദ്യാര്‍ഥികളുടെ കയ്യില്‍ എത്തിയെന്ന് ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവും കൂട്ടത്തിലുണ്ട്. എല്ലാ പ്രഥമാധ്യാപകരും എഇഒയില്‍നിന്ന് ശനിയാഴ്ച തന്നെ സന്ദേശം ഏറ്റുവാങ്ങണം.
വിദ്യാര്‍ഥികള്‍ക്കുള്ള അരിവിതരണവും കിറ്റു വിതരണവും സ്കൂളുകളില്‍ പൂര്‍ത്തിയായി വരുന്നതേയുള്ളൂ. കോവിഡ് രൂക്ഷമായ മേഖലകളില്‍പ്പോലും അധ്യാപകര്‍ സ്കൂളുകളിലെത്തി അരി- കിറ്റു വിതരണത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നു.