തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ‘യാസ്’ ചുഴലിക്കാറ്റ് അതിശക്തചുഴലിക്കാറ്റായി മാറി. ഒഡിഷ -പശ്ചിമ ബംഗാള്‍ തീരത്തു അതീവ ജാഗ്രത മുന്നറിയിപ്പ് നല്കി. ഉച്ചയോടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല എങ്കിലും സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.
നിലവില്‍ ‘യാസ്’ ചുഴലിക്കാറ്റ് ധാംറയില്‍ നിന്ന് 85 കി.മീ കിഴക്കു – തെക്കു കിഴക്കായും, പാരദ്വീപില്‍ (ഒഡീഷ ) നിന്ന് 90 കി.മീ കിഴക്കായും ബാലസോറില്‍ (ഒഡീഷ ) നിന്ന് 140 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാള്‍) യില്‍ നിന്ന് 130 കി.മീ തെക്ക് ഭാഗത്തുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ സ്ഥിതി ചെയ്യുന്നത്.
വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന അതിശക്ത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഇന്ന് പുലര്‍ച്ചയോടെയാണ് വടക്കന്‍ ഒഡിഷ തീരത്ത് ധാംറ പോര്‍ട്ടിന് സമീപം എത്തിച്ചേര്‍ന്നത്. ഇന്ന് ഉച്ചയോടെ വടക്കന്‍ ഒഡിഷ തീരത്തു കൂടി വടക്കന്‍ ധാംറക്കും ബാലസോറിന്റെ തെക്കുഭാഗത്തിനും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രസ്തുത സാഹചര്യത്തില്‍ ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും ശക്തമായ കാറ്റും മഴയുമാണ്. ഇന്ന് രാവിലെ എട്ടരമുതല്‍ രാത്രി 7.45 വരെ കൊല്‍ക്കത്തയിലെ വിമാനത്താവളം പൂര്‍ണമായു അടച്ചിടും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനാവിഭാഗങ്ങള്‍ സജ്ജമാണ്.
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.